ബെര്‍ലിന്‍: ജര്‍മനിയില്‍ ദയാവധം അംഗീകരിക്കാനുള്ള കരട് നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കാനായില്ല. ജര്‍മന്‍ പാര്‍ലമെന്റിന്റെ അധോസഭ ഈ സമ്പ്രദായം സംബന്ധിച്ച കരട് നിയമനിർമാണത്തിന്റെ രണ്ട് ഭാഗങ്ങളില്‍ വോട്ട് ചെയ്തു.ദയാവധത്തെ സഹായിക്കുന്നത് നിയമപ്രകാരം അടിസ്ഥാനപരമായി ശിക്ഷാര്‍ഹമാണെന്ന് നിർദേശിക്കുന്ന ആദ്യ കരട് പാസാക്കാനായില്ല. ആകെ 304 എംപിമാര്‍ അനുകൂലിച്ചു. 363 പേര് എതിര്‍ത്തു.അതേസമയം മറ്റൊരു കരട് സ്വയം നിർണിയിച്ച മരണത്തിനുള്ള അവകാശം നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതും തള്ളിപ്പോയി. ഇരുവിഷയത്തിലും പാര്‍ലമെന്റ് അംഗങ്ങള്‍ നിർദേശങ്ങള്‍ മുന്നോട്ടുവച്ച് സ്വതന്ത്ര വോട്ടിന് വിധേയമാക്കുകയായിരുന്നു.2020 ജർമനിയുടെ ഭരണഘടന കോടതിയുടെ സുപ്രധാന വിധിയില്‍ നിന്നാണ് ഈ രണ്ട് ശ്രമങ്ങളും ഉടലെടുത്തത്. ആ വിധി പ്രകാരം ഒരാളെ സ്വന്തം ഇഷ്ടപ്രകാരം മരിക്കാന്‍ സഹായിക്കുന്നത് ജര്‍മനിയില്‍ നിയമപരമാണ്. എന്നാല്‍ ഇത് എങ്ങനെ ചെയ്യാമെന്ന് നിയന്ത്രിക്കുന്ന നിയമങ്ങളൊന്നും നിലവില്‍ ഇല്ല.