അഡ്‌ലൈഡ് : ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കേബിൾ ഉപയോഗിച്ച് വരിഞ്ഞുകെട്ടിയിട്ട് ജീവനോടെ കുഴിച്ചുമൂടി. പ്രണയാഭ്യർഥന നിരസിച്ചതിന്റെ പ്രതികാരമായാണ് 21 കാരിയായ ജാസ്മിൻ കൗറിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇന്ത്യക്കാരനായ താരിക്ജോത് സിംഗ്(22) കുറ്റം സമ്മതിച്ചു. ഓസ്ട്രേലിയയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു ജാസ്മിൻ കൗർ. സൗത്ത് ഓസ്ട്രേലിയയിലെ വിദൂര മേഖലയായ ഫ്ളിൻഡേഴ്സ് റേഞ്ചസിൽ 2021 മാർച്ചിലാണ് സംഭവം നടന്നത്.
ഇതുസംബന്ധിച്ച കേസിന്റെ വിചാരണ സൗത്ത് ഓസ്ട്രേലിയൻ സുപ്രീം കോടതിയിൽ നടന്നുവരികയാണ്. പ്രണയാഭ്യർഥന നിരസിച്ചതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് താരിക്ജോത് സിംഗ് പറഞ്ഞു. 2021 മാർച്ചിൽ കൊലപാതകം ആസൂത്രണം ചെയ്തശേഷമാണ് പ്രതി അഡ്‌ലൈഡിലെ ജോലിസ്ഥലത്ത് നിന്ന് ജാസ്മിനെ തട്ടിക്കൊണ്ടുപോയി കൃത്യം നിർവഹിച്ചതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഇയാൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചേക്കും.തിരോധാനത്തിന് പിന്നാലെ ഇയാളെ പൊലീസ് പിടികൂടിയിരുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ നടക്കവേ താൻ ജാസ്മിനെ കൊലപ്പെടുത്തിയതായി 2023 ഫെബ്രുവരിയിൽ താരിക്ജോത് സിംഗ് വെളിപ്പെടുത്തി. പ്രതി കുറ്റമേറ്റെടുത്തു എന്നല്ലാതെ ജാസ്മിന്റെ മൃതശരീരം കണ്ടെത്താൻ പൊലീസിനായിരുന്നില്ല. എന്നാൽ നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിൽ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് അതിക്രൂരമായാണ് പ്രതി കൃത്യം നിർവഹിച്ചത് എന്ന കാര്യം പുറത്തറിയുന്നത്.
മൊറലാന ക്രീക്കിലാണ് കൈകാലുകൾ കേബിൾ കൊണ്ട് ബന്ധിച്ച നിലയിലും ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലുമാണ് കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാറിന്റെ ഡിക്കിയിൽ ഇട്ട ശേഷം 400 കിലോമീറ്റർ അകലെയുള്ള ഒരു ശ്മശാനത്തിൽ കൊണ്ടുപോയി കുഴിച്ചിടുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ ജാസ്മിനെ ജീവനോടെയാണ് പ്രതി കുഴിച്ചുമൂടിയതെന്ന് വ്യക്തമായി.പ്രതി ഏറെക്കാലമായി തന്റെ മകളുടെ പിന്നാലെ നടന്നുവെന്നും പ്രണയാഭ്യർഥന നിരസിച്ചിരുന്നതായും ജാസ്മിൻ കൗറിന്റെ അമ്മ റാഷ്പുൽ പറഞ്ഞു. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. പ്രതി താരിക്ജോത് സിംഗ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിൽവാസം അനുഭവിക്കുകയാണ്.