ദില്ലി: 45-50 പ്രായക്കാർക്കിടയിൽ അവിവാഹിതർക്ക് പെൻഷൻ നൽകാൻ ഹരിയാന സർക്കാർ. അവിവാഹിതരായ സ്ത്രീക്കും പുരുഷനും 2750 രൂപ പെൻഷൻ നൽകുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു. വാർഷിക വരുമാനം 1.80 ലക്ഷത്തിന് താഴെയുള്ളവർക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. അവിവാഹിതരായ 45നും 60നും ഇടയിൽ പ്രായമുള്ള, വാർഷിക വരുമാനം 1.80 ലക്ഷം രൂപക്ക് താഴെയുള്ള എല്ലാവർക്കും പ്രതിമാസം 2750 രൂപ പെൻഷൻ നൽകാൻ സർക്കാർ തീരുമാനമെടുത്തെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള 40-60 ഇടയിൽ പ്രായമുള്ള വിധവകൾക്കും ഇതേ തുക പെൻഷനായി ലഭിക്കും.ഇവർ 60 വയസ് കടന്നാൽ സ്വാഭാവികമായും വാർധക്യ പെൻഷൻ ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ മാസം സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥർക്ക് മൊബൈൽ അലവൻസും പ്രഖ്യാപിച്ചിരുന്നു. കോൺസ്റ്റബിൾ റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് പ്രതിമാസം 200 രൂപയും ഹെഡ് കോൺസ്റ്റബിൾ റാങ്കിലുള്ളവർക്ക് 250 രൂപയും അസി, സബ് ഇൻസ്പെക്ടർക്ക് 300 രൂപയും സബ് ഇൻസ്പെക്ടർമാർക്ക് 400 രൂപയുമാണ് അലവൻസ് പ്രഖ്യാപിച്ചത്.