ത്രെഡ്സിന്റെ ലോഗോ ശ്രദ്ധിച്ചിരുന്നോ ? ഇല്ലെങ്കിൽ നോക്കണം…ഏത് രൂപവുമായി സാമ്യമുള്ളതാണെന്ന് കണ്ടെത്താൻ ശ്രമിക്കണം. അതാണ് ഇപ്പോൾ ട്വിറ്ററിൽ നടക്കുന്നതും. രസകരമായ വസ്തുതയെന്തെന്നാൽ ത്രെഡ്സിന്റെ ലോഗോയെ ചൊല്ലിയാണ് നമ്മുടെ രാജ്യത്ത് വെർച്വൽ പോര് അരങ്ങേറിയിരിക്കുന്നത്. ആപ്പിന്റെ ലോഗോയുമായി ബന്ധപ്പെട്ടാണ് പോര്.
മലയാളം യുണീകോഡ് ലിപിയിലെ ‘ത്ര’യോടും ‘ക്ര’യോടും ലോഗോയ്ക്ക് ഏറെ സാമ്യമുണ്ടെന്നാണ് ചിലർ പറയുന്നത്. മലയാളികൾ മാത്രമല്ല തമിഴ്നാട്ടുകാരും ലോഗോയുടെ പേരിൽ ‘അവകാശവാദ’വുമായി എത്തിയിട്ടുണ്ട്. തമിഴിലെ ‘കു’ പോലെയാണ് ലോഗോ എന്നാണ് ഇക്കൂട്ടർ പറയുന്നത്. ലോഗോ ജിലേബി പോലെയാണെന്ന് പറഞ്ഞ വിരുതൻമാരുമുണ്ട്. ഒറ്റനോട്ടത്തിൽ ആപ്പിന്റെ ലോഗോ കണ്ടാൽ ‘@’ ചിഹ്നം പോലെയാണെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. ഇൻസ്റ്റഗ്രാമിന്റെ ലോഗോയുടെ മറ്റൊരു പതിപ്പാണെന്നും ഇംഗ്ലീഷ് അക്ഷരമായ ‘G’ ആയുമൊക്കെ തോന്നിപ്പിക്കും. ലോഗോയെ കുറിച്ച് സക്കർബർഗോ മെറ്റയോ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ അതിന്റെ ഡിസൈൻ നെറ്റിസൺസിനിടയിൽ ചർച്ചയായിട്ടുണ്ട്. ട്വിറ്ററിൽ ചർച്ചയാകുന്ന ഒരു വിഷയം ആദ്യമായിരിക്കും ആപ്പിന് മുഷിപ്പുണ്ടാക്കുന്നത് എന്ന് പറയുന്നവരുമുണ്ട്.
ത്രെഡ്സിൽ കയറി ചുറ്റിക്കറങ്ങി വന്ന ശേഷമാണ് നെറ്റിസൺസ് ട്വിറ്ററിൽ ചർച്ചകൾക്ക് തുടക്കമിട്ടത്. പലതും ഇലോൺ മസ്കിനെ തന്നെ രസിപ്പിച്ചിട്ടുണ്ട്. ട്വിറ്ററിലെ കോപ്പിയടിച്ചതും ഇലോൺ മസ്ക് vs സക്കർബർഗ് ഇടിയുമൊക്കെ മീമുകളായിട്ടുണ്ട്.
നിലവിൽ ഐഒഎസ് , ആൻഡ്രോയിഡ് എന്നിവയ്ക്കായി നൂറിലധികം രാജ്യങ്ങളിലായി മെറ്റ ത്രെഡ്സ് അവതരിപ്പിച്ചു കഴിഞ്ഞു. ഏഴ് മണിക്കൂറിനുള്ളിൽ 10 മില്യൺ ഉപയോക്താക്കളെയാണ് ത്രെഡ്സിനു ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് ദശലക്ഷം, ഏഴ് മണിക്കൂറിൽ 10 ദശലക്ഷം ഇങ്ങനെയാണ് മെറ്റയുടെ ത്രെഡ്സ് മുന്നേറുന്നത്.
ഇൻസ്റ്റാഗ്രാമിന്റെ വലിയൊരു വിഭാഗം ഉപഭോക്താക്കളെയാണ് ത്രെഡ്‌സ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. . ഇൻസ്റ്റാഗ്രാമിന്റെ നാലിലൊന്ന് ഉപഭോക്താക്കളെ ത്രെഡ്‌സിന് ലഭിച്ചാൽ ട്വിറ്ററിനത് വലിയൊരു വെല്ലുവിളിയാകുമെന്നാണ് സൂചന. 2022 ലെ കണക്കനുസരിച്ച് ട്വിറ്ററിന് 45 കോടി സജീവ ഉപഭോക്താക്കളാണുള്ളത്. 235 കോടിയാണ് പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണം.