മലയാളികളുടെ പ്രിയ താരം കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെയും കേരളക്കര മുക്തമായിട്ടില്ല. കഴിഞ്ഞ മാസം അഞ്ചിനാണ് സുധിയുടെ വിയോഗത്തിന് കാരണമായ അപകടം നടന്നത്. പ്രിയ കലാകാരന്റെ, സുഹൃത്തിന്റെ വിയോഗം ഇതുവരെയും പ്രിയപ്പെട്ടവർക്ക് വിശ്വസിക്കാനായിട്ടില്ല. അപ്രതീക്ഷിതമായി വന്ന വേദനയിൽ നിന്നും മുക്തി നേടാനായി പോരാടുന്ന സുധിയുടെ ഭാര്യ പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
സുധി മരിച്ചതിന് പിന്നാലെ അദ്ദേഹത്തോടൊപ്പം മുൻപ് എടുത്ത റീൽസും ഫോട്ടോയുമൊക്കെ രേണു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഭർത്താവ് മരിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ രേണു റീൽസ് ചെയ്തെന്ന തരത്തിൽ ചില യുട്യൂബ് ചാനലുകളിലും മറ്റും വാർത്തകൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആയിരുന്നു രേണുവിന്റെ പോസ്റ്റ്. “വീണ്ടും ന്യൂസ് കണ്ടു. ഞാൻ റീൽസ് ചെയ്തു നടക്കുന്നു എന്ന്. ഞാൻ എത്രതവണ കമന്റ് ഇട്ടു ഞാൻ ചെയ്ത റീൽസൊക്കെ ഏട്ടൻ എന്റെ ഒപ്പം ഉള്ളപ്പോഴുള്ളതാണെന്ന്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാൽ നിങ്ങൾക്ക് അറിയാല്ലോ. ഇത്തരം ന്യൂസുകൾ ആരും എനിക്ക് സെന്റ് ചെയ്യരുത്”, എന്നാണ് രേണു ഇൻസ്റ്റയിൽ കുറിച്ചത്. എനിക്കിനി ഇത് പറയാൻ വയ്യ. സുധിച്ചേട്ടൻ നേരിട്ട് വന്ന് ഇതിനുള്ള മറുപടി തന്നാലും വീണ്ടും ന്യൂസ് വന്നോണ്ടിരിക്കുമെന്നും രേണു കുറിച്ചു.