ആംസ്റ്റര്‍ഡാം : ക്ലാസ്മുറികളില്‍ കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കാനൊരുങ്ങി നെതര്‍ലൻഡ്സ്.മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ച്, ടാബ്‌ലെറ്റ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളൊന്നും അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ ക്ലാസ് മുറികളില്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കുട്ടികളുടെ പഠനത്തില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം പ്രതികൂലമായി ബാധിക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം. കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ ചെലുത്താനാകുന്നില്ലെന്നും ഇതവരുടെ കഴിവിനെ തന്നെ ബാധിക്കുന്നതായും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകള്‍ ഇത് സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കണമെന്നും അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഇവ അംഗീകരിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതേ സമയം, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും മറ്റ് രോഗബാധിതരായ കുട്ടികള്‍ക്കും ഇളവ് ലഭിക്കും. ഡിജിറ്റല്‍ സംബന്ധമായ ക്ലാസുകളിലും ഉപയോഗിക്കാം. കൊവിഡ് മഹാമാരിയ്ക്കിടെ ക്ലാസുകള്‍ ഓണ്‍ലൈനായതോടെ കുട്ടികളില്‍ മൊബൈലിന്റെ ഉപയോഗം കുത്തനെ ഉയര്‍ന്നിരുന്നു.
അടുത്തിടെ ഫിൻലൻഡിലും സമാന തീരുമാനം കൈക്കൊണ്ടിരുന്നു. ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ക്ലാസ് മുറികളിലെ മൊബൈല്‍ ഫോണ്‍ നിരോധനത്തെ പറ്റി ആലോചിക്കുന്നുണ്ട്.