ന്യൂയോര്‍ക്ക് : ഖാലിസ്ഥാൻ തീവ്രവാദി ഗുര്‍പത്‌വന്ത് മൻ സിംഗ് പന്നു കാറപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. തീവ്രവാദ സംഘടനയായ സിക്ക് ഫോര്‍ ജസ്റ്റിസിന്റെ സ്ഥാപകനാണ്.
യു.എസിലെ കാലിഫോര്‍ണിയയിലെ ഹൈവേ 101ല്‍ വച്ച് അപകടമുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ രാത്രി സമൂഹ മാദ്ധ്യങ്ങളിലൂടെയാണ് പന്നു കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നത്. അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ഏതാനും നാളുകളായി ഇയാള്‍ ഒളിവിലായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഖാലിസ്ഥാൻ നേതാക്കളായ പരംജിത്ത് സിംഗ് പഞ്ച്‌വര്‍ പാകിസ്ഥാനിലും അവതാര്‍ സിംഗ് ഖണ്ഡ ലണ്ടനിലും ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയിലും ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഇവരെ പോലെ താനും കൊല്ലപ്പെടുമെന്ന ഭയം പന്നുവിനെ അലട്ടിയിരുന്നെന്നും ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെന്നും പറയപ്പെടുന്നു.
മരണങ്ങള്‍ക്ക് പിന്നാലെ യു.എസിലെയും കാനഡയിലെയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയുള്ള ഇയാളുടെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. പന്നുവിന്റെ മരണവാര്‍ത്ത ശരിയെങ്കില്‍ ഖാലിസ്ഥാൻ പ്രസ്ഥാനത്തിന് കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അതേ സമയം, പന്നുവിന്റെ മരണ വാര്‍ത്ത നിഷേധിച്ചും ചിലര്‍ ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്.