വാഷിംഗ്ടണ്‍: സാൻഫ്രാസിസ്കോയിലെ ഇന്ത്യൻ കോണ്‍സുലേറ്റിന് തീയിട്ട് ഖാലിസ്ഥാൻ അനുകൂലികള്‍. പെട്ടെന്ന് തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായെന്ന് അധികൃതര്‍ അറിയിച്ചു.വലിയ നാശനഷ്ടമോ പരിക്കോ രേഖപ്പെടുത്തിയിട്ടില്ല. ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചു. കഴിഞ്ഞ ദിവസം
രാത്രി 12.30ന് ഒരു കൂട്ടം ഖലിസ്ഥാൻ വാദികള്‍ തീയിടുകയായിരുന്നു. ഫയര്‍ഫോഴ്സ് ഇടപട്ട് വളരെ പെടെന്ന് തീയണച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.അടുത്തിടെ കാനഡയില്‍ ഖാലിസ്ഥാൻ വാദികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യയുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ ഭീഷണി നിലനിന്നിരുന്നു. ഇത്തരത്തില്‍ ഭീഷണി ഉണ്ടായിരുന്ന സ്ഥലമാണ് സാന്‍ ഫ്രാന്‍സിസ്കോ. അതിന്റെ ഭാഗമായിരിക്കാം ആക്രമണമെന്നാണ് കരുതപ്പെടുന്നത്. നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ നീതീകരിക്കാനാകില്ലെന്ന് അമേരിക്ക പ്രതികരിച്ചു.
മാര്‍ച്ചിലും ഇന്ത്യൻ കോണ്‍സുലേറ്റിന് നേരെ ഖാലിസ്ഥാൻവാദികള്‍ അക്രമം നടത്തിയിരുന്നു. അമൃത്പാല്‍ സിംഗിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്ന് അക്രമം നടത്തിയത്. കെട്ടിടത്തിന്റെ ചുമരില്‍ സ്പ്രേ പെയിൻറ് ഉപയോഗിച്ച് അമൃത് പാലിനെ മോചിപ്പിക്കണമെന്ന് ഖലിസ്ഥാൻവാദികള്‍ എഴുതിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യൻ പൗരന്മാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിലെ പാര്‍ലമെന്റിനു പുറത്തും അമൃത്പാലിനായി ഖലിസ്ഥാൻവാദികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.