തങ്ങളുടെ കഥാപാത്ര പൂർത്തിയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് സിനിമാ തരങ്ങൾ. ഒരു വേഷത്തിനായി അവർ എടുക്കുന്ന ഡെഡിക്കേഷൻ വളരെ വലുതാണ്. അത്തരത്തിൽ എന്നും വ്യത്യസ്തയാർന്ന കഥാപാത്രങ്ങളിലൂടെ കാണികളെ അമ്പരപ്പിക്കുന്ന താരമാണ് ചിയാൻ വിക്രം. കഥാപാത്രങ്ങൾക്ക് ജീവന്റെ തുടിപ്പേകാൻ വിക്രം നടത്തുന്ന ഡെഡിക്കേഷൻ പലപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്. അന്ന്യൻ, സേതു, പിതാമഹൻ, ദൈവതിരുമകൻ, ഐ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണങ്ങൾ മാത്രം. ഇക്കൂട്ടത്തിലേക്ക് എത്തുന്ന പുതിയ ചിത്രമാണ് ‘തങ്കലാൻ’.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. ഏതാനും നാളുകൾക്ക് മുൻപ് തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചിരിക്കുകയാണ്. വിക്രം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
“എന്തൊരു യാത്ര!! അതിശയിപ്പിക്കുന്ന ചില ആളുകളുമായി പ്രവർത്തിക്കുകയും ഒരു അഭിനേതാവെന്ന നിലയിൽ ഏറ്റവും ആവേശകരമായ ചില അനുഭവങ്ങൾ നേടുകയും ചെയ്തു. ആദ്യ ചിത്രത്തിനും അവസാന ചിത്രത്തിനും ഇടയിൽ വെറും 118 പ്രവൃത്തി ദിവസങ്ങൾ മാത്രമായിരുന്നോ. ഓരോ ദിവസവും ഈ സ്വപ്നം ജീവിക്കാൻ ഞങ്ങളെ അനുവദിച്ചതിന് നന്ദി രഞ്ജിത്”, എന്നാണ് വിക്രം കുറിച്ചത്. വിക്രമിന്റെ കരിയറിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രമാണ് തങ്കലാൻ. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളാകുന്നു. ‘തങ്കലാൻ’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. എ കിഷോർ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാന്റെ’ കലാ സംവിധാനം നിര്‍വഹിക്കുന്നത് എസ് എസ് മൂർത്തിയാണ്.