മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ ഭൂചലനം. മെൽബണിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള റോസൺ പട്ടണത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജിയോസയൻസ് ഓസ്ട്രേലിയ അറിയിച്ചു.
ഭൂചലനം വിക്ടോറിയയിയിലെയും മെൽബണിലെയും ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കി. ആയിരക്കണക്കിന് ആളുകൾക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒരു മാസത്തിനിടെ ഈ മേഖലയിൽ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂകമ്പമാണിത്. മെയ് അവസാനത്തിൽ മെൽബണിന്റെ വടക്ക്- പടിഞ്ഞാറ് ഭാഗത്ത് 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
2021 ൽ മാൻസ്ഫീൽഡ് പട്ടണത്തിൽ ഉണ്ടായ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ തുടർ ചലനങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് വെള്ളിയാഴ്ച പുലർച്ചെ അനുഭവപ്പെട്ടതെന്ന് ജിയോസയൻസ് ഓസ്ട്രേലിയയിലെ സീനിയർ സീസ്മോളജിസ്റ്റ് ജോനാഥൻ ബാത്ത്ഗേറ്റ്പറഞ്ഞു.ഭൂകമ്പത്തിൽ നാശ നഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ആളുകൾ അത് അനുഭവിക്കുകയും കേൾക്കുകയും ചെയ്തെന്ന് സീസ്മോളജി റിസർച്ച് സെന്ററിൽ നിന്നുള്ള എലോഡി ബോർലീസ് പറഞ്ഞു.