കാൻബറ: ഓസ്ട്രേലിയയിലെ കാൻബറയിലുള്ള പ്രശസ്തമായ കത്തോലിക്ക ആശുപത്രി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. 50 മില്യൺ ഡോളർ ചെലവഴിച്ചാണ് ബ്രൂസ് കാൽവരി ഹോസ്പിറ്റൽ ഏറ്റെടുക്കുകയെന്നാണ് റിപ്പോർട്ടുകൾ.സംസ്ഥാന ബജറ്റിലാണ് ഇക്കാര്യം
വ്യക്തമാക്കുന്നത്. ആശുപത്രി നിർബന്ധിതമായി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം തടയാൻ അവസാന പ്രതീക്ഷയെന്ന നിലയിൽ സുപ്രീം കോടതിയിൽ ആശുപത്രി അധികാരികൾ നൽകിയ ഹർജിയും തള്ളിയതോടെ ജൂലൈ മൂന്നിനകം നടപടി ക്രമങ്ങൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്.
ബ്രൂസ് കാൽവരി ഹോസ്പിറ്റൽ ഏറ്റെടുത്ത് പൊതു ആശുപത്രിയാക്കാനാണ് ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി സംസ്ഥാന സർക്കാരിന്റെ നീക്കം. എന്നാൽ കത്തോലിക്കാ സന്യാസിനീ സമൂഹമായ ലിറ്റിൽ കമ്പനി ഓഫ് മേരിയുടെ കീഴിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി മതിയായ ചർച്ചകളോ മുന്നറിയിപ്പോ ഇല്ലാതെ തിടുക്കത്തിൽ ഏറ്റെടുക്കാനുള്ള ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി സർക്കാരിന്റെ നീക്കത്തിൽ വ്യാപക
പ്രതിഷേധം ഉയർന്നിരുന്നു.ബ്രൂസ് കാൽവരി ഹോസ്പിറ്റൽ നിലനിൽക്കുന്ന സ്ഥലത്ത് പുതിയ ആശുപത്രി നിർമിക്കുന്നതിനായി ഒരു ബില്യൺ ഡോളറിലധികം അനുവദിക്കുമെന്നും 2025 ൽ തന്നെ നിർമ്മാണം ആരംഭിക്കുമെന്നും സർക്കാർ അറിയിച്ചു. 2030-ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ബ്രൂസ് കാൽവരി ആശുപത്രിയിലെ 1500- ലധികം ജീവനക്കാർ കാൻബറ ഹെൽത്ത് സർവീസസിനു കീഴിലേക്കു മാറുമെന്ന് ആരോഗ്യമന്ത്രി റേച്ചൽ സ്റ്റീഫൻ-സ്മിത്ത് പറഞ്ഞു. ജീവനക്കാർ അവരവരുടെ നിലവിലുള്ള ചുമതലകളിൽ തുടരും. കഴിഞ്ഞ 44 വർഷമായി കാൻബറയിലെ ജനങ്ങൾക്ക് പരിചരണം നൽകുന്നതിൽ കാൽവരി സുപ്രധാന പങ്ക് വഹിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.അടുത്തയാഴ്ച സർക്കാർ ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. എന്നാൽ നവീകരണ പ്രവർത്തനങ്ങൾ തുടരും. അതേസമയം, നിർബന്ധിത ഏറ്റെടുക്കലിനെത്തുടർന്ന് സർക്കാർ കാൽവരി ഹെൽത്ത് കെയറിനു നൽകേണ്ട നഷ്ടപരിഹാരത്തിനായുള്ള എസ്റ്റിമേറ്റുകളൊന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.കാൻബറ ഹോസ്പിറ്റലിന്റെ ഭാഗമായി ക്രിട്ടിക്കൽ സർവീസസ് ബിൽഡിംഗ് അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്ന് പ്രമീയർ ആൻഡ്രൂ ബാർ പറഞ്ഞു.
2010ൽ 77 മില്യൺ ഡോളറിന് ആശുപത്രി വാങ്ങാൻ സർക്കാർ മുന്നോട്ടു വന്നെങ്കിലും വത്തിക്കാനിൽ നിന്ന് അനുമതി ലഭിക്കാൻ വർഷങ്ങളെടുക്കുമെന്ന് പറഞ്ഞ് ഉടമകളായ ലിറ്റിൽ കമ്പനി ഓഫ് മേരി ഹെൽത്ത് കെയർ അനുകൂലമായി പ്രതികരിച്ചില്ല. തുടർന്നാണ് ആശുപത്രി നിർബന്ധിതമായി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നിയമനിർമാണത്തിനൊരുങ്ങിയത്.ജൂലൈ ആദ്യം നടക്കുന്ന ആശുപത്രി കൈമാറ്റത്തിനായി ഒരു ‘ട്രാൻസിഷൻ ടീം രൂപീകരിച്ചതായി സർക്കാർ അറിയിച്ചിരുന്നു. ഇതിനായി സർക്കാർ 49.7 മില്യൺ ഡോളർ അനുവദിച്ചു. 44 വർഷത്തെ സ്തുത്യർഹമായ പ്രവർത്തനത്തിനൊടുവിൽ അപ്രതീക്ഷിതമായും ഏകപക്ഷീയമായും ആശുപത്രി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിൽ അങ്ങേയറ്റം നിരാശയുണ്ടെന്ന് കാൽവരി ആശുപത്രി മാനേജ്മെന്റ് പ്രസ്താവനയിൽ പറഞ്ഞു.ആശുപത്രിയെ ഏറ്റെടുക്കലിൽനിന്ന് രക്ഷിക്കാനുള്ള കാമ്പെയ്ന്റെ തലവൻ ഫാ. ടോണി പെർസി വിഷയത്തിൽ പാർലമെന്റംഗങ്ങളെ പ്രതിഷേധം അറിയിക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.