സിഡ്നി: ശക്തമായ കാറ്റ് വീശിയതിനെതുടർന്ന് സിഡ്നി വിമാനത്താവളത്തിൽ നിന്നുള്ള അൻപതിലേറെ വിമാന സർവീസുകൾ റദ്ദാക്കി. ചില വിമാന സർവീസുകൾ അനിശ്ചിതമായി വൈകുകയും ചിലതിന്റെ സമയക്രമം പുനഃക്രമീകരിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് പ്രതികൂല കാലാവസ്ഥ സിഡ്നി എയർപോർട്ടിന്റെ പ്രവർത്തനം താളം തെറ്റിച്ചത്. ക്വാണ്ടാസ്, വിർജിൻ, ജെറ്റ്സ്റ്റാർ എന്നിവയുൾപ്പെടെ പ്രമുഖ എയർലൈനുകളുടെ ആഭ്യന്തര സർവീസുകളാണ് റദ്ദാക്കിയത്. ഇന്ന് ഉച്ചയോടെ സ്ഥിതിഗതികൾ ശാന്തമായെന്നാണ് റിപ്പോർട്ടുകൾ.
കാറ്റ് വീശിയടിച്ചതിനാൽ സുരക്ഷാ പ്രോട്ടോക്കോൾ എന്ന നിലയിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം ഒരൊറ്റ റൺവേയിൽ മാത്രമായി പരിമിതപ്പെടുത്തിയതായി എയർ സർവീസസ് ഓസ്ട്രേലിയ അറിയിച്ചു.
വിമാനത്താവളത്തിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിലായതോടെ ആഭ്യന്തര ഡിപ്പാർച്ചർ ടെർമിനലിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. യാത്ര അനിശ്ചിതമായി നീണ്ടതോടെ യാത്രക്കാരും അസ്വസ്ഥരായി. സ്കൂൾ അവധി തുടങ്ങുന്നതിന്റെ തലേദിവസം വിമാന സർവീസുകൾ തടസപ്പെട്ടത് യാത്രക്കാർക്ക് കൂടുതൽ ദുരിതമായി. അവധിക്കാലത്തോടനുബന്ധിച്ച് പലരും മുൻകൂട്ടി നിശ്ചയിച്ച യാത്രയാണ് വൈകിയത്.
സിഡ്നി എയർപോർട്ടിൽ നിന്ന് പെർത്തിലേക്കു പോകാനിരുന്ന കുടുംബത്തിന്റെ വിമാനം റദ്ദാക്കി. അടുത്ത വിമാനത്തിനായി നാളെ വരെ കാത്തിരിക്കണമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചതായി ഗൃഹനാഥനായ സ്റ്റീവൻ കോളിൻസ് പറഞ്ഞു.