ടൊറന്‍റോ: യു. എസിലെ എച്ച്1 ബി വിസ കൈവശമുള്ളവര്‍ക്കായി കാനഡ പുതിയ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് പ്രഖ്യാപിച്ചു.ഇന്ത്യക്കാരായ ഐ. ടി പ്രഫഷനലുകള്‍ക്ക് ഏറെ ഗുണകരമാകുന്ന കുടിയേറ്റ പദ്ധതിയാണിത്. എച്ച് 1 ബി വിസ കൈവശമുള്ളവരുടെ കുടുംബാഗങ്ങള്‍ക്ക് രാജ്യത്ത് ജോലി ചെയ്യാനും പഠിക്കാനുമായി വിസ ലഭിക്കും. ഇതിനായി ‘വര്‍ക്ക് പെര്‍മിറ്റ് സ്ട്രീം’ എന്ന പുതിയ വിസ സൃഷ്ടിക്കുമെന്ന് കുടിയേറ്റ മന്ത്രി ഷോണ്‍ ഫ്രേസര്‍ അറിയിച്ചു.
2023 ജൂലൈ 16 മുതലാണ് അപേക്ഷ ക്ഷണിക്കുന്നത്. അംഗീകൃത അപേക്ഷകര്‍ക്ക് മൂന്ന് വര്‍ഷം വരെ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാകും. ഈ നടപടി ഒരു വര്‍ഷത്തേക്ക് അല്ലെങ്കില്‍ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസണ്‍ഷിപ്പ് കാനഡ 10,000 അപേക്ഷകള്‍ സ്വീകരിക്കുന്നത് വരെ പ്രാബല്യത്തില്‍ തുടരും.
ലോകത്തെ ഒന്നാംകിട ഐടി വിദഗ്ധര്‍ക്കെല്ലാം കാനഡയില്‍ ജോലി ചെയ്യാൻ അവസരമൊരുക്കുന്ന പ്രത്യേക ഇമിഗ്രേഷൻ സ്ട്രീം ഈ വര്‍ഷം അവസാനത്തോടെ വികസിപ്പിച്ചെടുക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഫ്രേസര്‍ അറിയിച്ചു. കോവിഡ് മഹാമാരിക്കു ശേഷം യു.എസിലെ ഐ. ടി രംഗത്ത് 2 ലക്ഷത്തിലേറെപ്പേരാണ് തൊഴില്‍രഹിതരായത്, ഇതില്‍ 40% ഇന്ത്യക്കാരാണ്.