തിരുവനന്തപുരം: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ പുതിയ സംഭവവികാസങ്ങളിലും മുൻ ഡിജിപി ലോകനാഥ് ബെഹ്റക്കെതിരെ അന്വേഷണം നടത്താതെ ക്രൈംബ്രാഞ്ച്. പുതിയ മൊഴികളുടെ അടിസ്ഥാനത്തിൽ കെ സുധാകരനെ പ്രതി ചേർത്തപ്പോഴും പുരാവസ്തുക്കളുടെ സംരക്ഷണം എന്ന പേരിൽ മോണ്‍സന്റെ വീട്ടിൽ ബെഹ്റ പൊലീസ് കാവൽ അനുവദിച്ചതിലെ കള്ളകളികൾ ഇനിയും പുറത്തുവന്നിട്ടില്ല. പൊലീസ് സംരക്ഷണവും, പുരാവസ്തു മൂല്യവും ഉയർത്തിക്കാട്ടിയാണ് പലരിൽ നിന്നായി 20കോടിയോളം രൂപ മോൻസണ് തട്ടിച്ചത്.
മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതും വിഐപി സുഹൃദ് വലയം ഉണ്ടാക്കുന്നതും തന്റെ പുരാവസ്തു ശേഖരത്തിന്റെ മറവിലാണ്. പുരാവസ്തു ശേഖരവും കോടാനുകോടികളുടെ മൂല്യവും പറഞ്ഞ് പറ്റിച്ചാണ് ബിസിനസുകാരായ അനൂപ് അഹമ്മദ്, ഷമീർ, യാക്കൂബ്, സലീം, സിദ്ദിക്ക് എന്നിവരിൽ നിന്നും ബിസിനസ് ഷെയറായി പത്ത് കോടി രൂപ തട്ടിച്ചത്. ഇവരിൽ നിന്ന് വീണ്ടും 25ലക്ഷം വാങ്ങി പറ്റിച്ച കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ പുതിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റിലായത്. എന്നാൽ ഇപ്പോഴും മോൻസനെ തട്ടിപ്പുകൾക്ക് സഹായിച്ചെന്ന് പ്രതിപക്ഷമടക്കം ആരോപിക്കുന്ന മുൻ ഡിജിപി ലോകനാഥ് ബഹ്റക്കെതിരെ അന്വേഷണമില്ല.
അമൂല്യവും അപൂർവവുമായ പുരാവസ്തു ശേഖരമുണ്ടെന്ന് കാട്ടിയാണ് കലൂരിലെ മോണ്‍സന്റെ വാടക വീടിന് പൊലീസ് സുരക്ഷ അനുവദിക്കാൻ ലോക്നാഥ് ബെഹ്റ പ്രത്യേക ഉത്തരവിറക്കിയത്. മോണ്‍സന്റെ വീട് കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകൾ ഇന്റലിജൻസ് അന്വേഷിച്ചിരുന്നില്ല. പുരാവസ്തു മൂല്യം ശാസ്ത്രീയമായി പരിശോധിച്ചോ, കുറഞ്ഞപക്ഷം ഇത്രയും അപൂർവമായ പുരാവസ്തുക്കൾ മോണ്സൻ എന്ന സാധാരണക്കാരന് സൂക്ഷിക്കാൻ കഴിയുമോ എന്ന സാമാന്യ ബോധം പോലും ബെഹ്റക്ക് ഇല്ലായിരുന്നോ എന്ന ചോദ്യങ്ങൾ മോണ്സൻ പിടിക്കപ്പെട്ടതു മുതൽ ശക്തമായി ഉയരുന്നുണ്ട്.
ബെഹ്റയുമായുള്ള ബന്ധത്തെ കുറിച്ച് മോൻസനോട് ചോദിക്കുമ്പോൾ സിസിടിവി പരിശോധിക്കണമെന്നാണ് മറുപടി. മോൻസന്റെ കേന്ദ്രങ്ങൾ അരിച്ചുപെറുക്കി സിസിടിവികളടക്കം പൊലീസ് പിടിച്ചെടുത്തിരിക്കുകയാണ്. ഹാർഡ് ഡിസ്കിൽ എന്തൊക്കെയുണ്ടെന്ന് ഇനിയും പുറത്തുവന്നിട്ടില്ല. കൊച്ചിയിൽ സ്വകാര്യ ചടങ്ങിന് എത്തിയപ്പോൾ ലോക്നാഥ് ബെഹ്റ സുഹൃത്ത് വഴി മോൻസന്റെ വീട്ടിൽ ഒരുതവണ വന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മോണ്‍സന്റെ പല ഇടപാടുകാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കലൂരിലെ വീട്ടിൽ കണ്ടിട്ടുണ്ട്.
മോൻസൻ പ്രതിയായ ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിൽ അനിത പുല്ലയിൽ പ്രതിയായ കേസിലും അന്വേഷണം ഒന്നര വർഷത്തോളം ഇഴഞ്ഞിരുന്നു. കേസിൽ കഴിഞ്ഞ മാസം കുറ്റപത്രം സമർപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ദുർബലമായ വകുപ്പുകളാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തുന്ന അനിത പുല്ലയിലിനെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയത്.