ഓസ്ട്രേലിയന്‍ നിയമനിര്‍മ്മാണ പ്രക്രിയയില്‍ ആദിമവര്‍ഗ്ഗ ശബ്ദം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ടുള്ള വോയിസ് ടു പാര്‍ലമെന്റ് റഫറണ്ടം നടത്തുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ പാസായി.1999ന് ശേഷം രാജ്യത്ത് ആദ്യമായി ഒരു ജനഹിത പരിശോധന നടത്തുന്നതിനുള്ള ബില്ലാണ് ജൂണ്‍ 19 തിങ്കളാഴ്ച സെനറ്റില്‍ പാസായത്.
സെനറ്റില്‍ 19നെതിരെ 52 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് റഫറണ്ടം നടത്തുന്നതിനുള്ള ബില്‍ പാസായത്.
ഇതോടെ, അടുത്ത ആറു മാസത്തിനുള്ളില്‍ റഫറണ്ടം നടക്കുമെന്ന് ഉറപ്പായി.2017ലെ വുളുരു സ്‌റ്റേറ്റ്‌മെന്‌റ് ഫ്രം ദ ഹാര്‍ട്ടിലെ മുഖ്യ ആവശ്യങ്ങളിലൊന്നായിരുന്ന വോയിസ് ടു പാര്‍ലമെന്റ് എന്ന സമിതിയെക്കുറിച്ചാണ് ജനഹിത പരിശോധന നടക്കുക.
ജനഹിത പരിശോധനയിലെ ചോദ്യം ഇങ്ങനെയായിരിക്കും:“പരിഗണിക്കുന്ന നിയമനിര്‍മ്മാണം: ഓസ്‌ട്രേലിയയിലെ ആദ്യ ജനതയെ അംഗീകരിക്കുന്നതിനായി ഭരണഘടനയില്‍ ഭേദഗതി വരുത്തി, ആദിമവര്‍ഗ്ഗങ്ങളുടെയും ടോറസ് സ്‌ട്രൈറ്റ് ദ്വീപുവാസികളുടെയും വോയിസ് എന്ന സമിതി സ്ഥാപിക്കും. ഈ ഭേദഗതിയെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ?”
ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങളെ ബാധിക്കുന്ന നിയമനിര്‍മ്മാണം നടക്കുമ്പോള്‍ അവരുടെ അഭിപ്രായം കൂടി കേള്‍ക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനാണ് വോയിസ് എന്ന സമിതി കൊണ്ടുവരുന്നത്.
Key architect answers your questions on the Voice
Not all Liberals oppose the Voice. Here’s where they stand
We asked mining giants whether they’ll follow the Voice’s advice
ഇത്തരം നിയമനിര്‍മ്മാണങ്ങളില്‍ സമിതി സര്‍ക്കാരിനും പാര്‍ലമെന്റിനും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കും.ഭേദഗതിക്കായുള്ള പാര്‍ലമെന്ററി നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു എന്നാണ് വോയിസിനെ അനൂകൂലിക്കുന്നവര്‍ പറയുന്നത്. ഇനി ഓസ്ട്രേലിയന്‍ പൗരന്‍മാരുടെ കൈകളിലാണ് അതിന്റെ ഭാവി.മണ്ണിന്റെ യഥാര്‍ത്ഥ ഉടമകളെ അംഗീകരിക്കുന്നതിലേക്കും, അതിലൂടെ ഓസ്‌ട്രേലിയയെ കൂടുതല്‍ മഹത്തരമാക്കുന്നതിലേക്കും ഒരു ചുവടു കൂടി അടുത്തിരിക്കുകയാണെന്ന് ആദിമവര്‍ഗ്ഗ വകുപ്പ് മന്ത്രി ലിന്‍ഡ ബേണി പറഞ്ഞു.
‘രാഷ്ട്രീയ സംവാദങ്ങള്‍ ഇവിടെ അവസാനിക്കുന്നു. ഇനി ജനങ്ങളുടെ വാക്കുകള്‍ക്കാണ് വില’ ബില്ല് പാസായതിനു പിന്നാലെ ലിന്‍ഡ ബേണി പറഞ്ഞു.’ആദിമവര്‍ഗ്ഗ ഓസ്‌ട്രേലിയക്കാര്‍ ഏറെനാളായി മറ്റുള്ളവരെക്കാള്‍ മോശം സ്ഥിതിയിലായിരുന്നു. തകര്‍ന്നുകിടക്കുന്ന ഒരു സംവിധാനമാണ് അത്. ഈ സംവിധാനം പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് വോയിസ് സമിതി ‘ – ലിന്‍ഡ ബേണി പറഞ്ഞു.പൂര്‍ണമായും ഉപദേശ സ്വഭാവം മാത്രമുള്ള ഒരു സമിതിയായിരിക്കും വോയിസ് എന്നാണ് ലേബര്‍ പാര്‍ട്ടി ആവര്ത്തിച്ചു പറയുന്നത്.അതായത്, വോയിസിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണം എന്നത് നിര്‍ബന്ധമായിരിക്കില്ല. മറിച്ച്, ആദിമവര്‍ഗ്ഗങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പാര്‍ലമെന്‌റിനെയും സര്‍ക്കാരിനെയും ഉപദേശിക്കാനുള്ള അധികാരം മാത്രമായിരിക്കും വോയിസ് സമിതിക്ക് ഉണ്ടാകുന്നത്.രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണ് ഇതന്ന് സെനറ്റില്‍ ബില്‍ പാസായതിനു പിന്നാലെ പ്രധാനമന്ത്രി ആന്തണി അല്‍ബനീസി പറഞ്ഞു.’ഭൂരിഭാഗം ഓസ്‌ട്രേലിയക്കാരെയും ഒരു തരത്തിലും നേരിട്ട് ബാധിക്കുന്ന കാര്യമായിരിക്കില്ല ഇത്. പക്ഷേ, രാജ്യത്ത് ഏറ്റവുമധികം അവഗണന നേരിട്ടിട്ടുള്ള ഒരു സമൂഹത്തിന്റെ ജീവിതം മെച്ചപ്പെടുത്താനാകും ഈ റഫറണ്ടം സഹായിക്കുന്നത്. കൂടുതല്‍ നല്ല കാര്യം ചെയ്യാനുള്ള അവസരമാണ് ഇത്’ – പ്രധാനമന്ത്രി പറഞ്ഞു
വോയിസ് സമിതി കൊണ്ടുവരുന്നതിനെ ശക്തമായ എതിര്‍ക്കുകയാണെങ്കിലും, റഫറണ്ടം നടത്തുന്നതിനുള്ള ബില്ലിനെ സെനറ്റില്‍ ലിബറല്‍ സഖ്യം പിന്തുണച്ചു.രാജ്യത്തെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും, ഈ വിഷയത്തില്‍ അവര്‍ തീരുമാനമെടുക്കുമെന്നും ലിബറല്‍ വക്താവ് മെക്കേലിയ കാഷ് പറഞ്ഞു.റഫറണ്ടം വിജയിച്ചാല്‍ അത് ഓസ്‌ട്രേലിയന്‍ ഭരണഘടനയില്‍ ‘തിരുത്താനാവാത്ത മാറ്റ’മായിരിക്കും ഉണ്ടാക്കുക എന്നും, രാജ്യത്തെ വിഭജിക്കുന്ന സമതിയാകും വോയിസ് എന്നും മെക്കേലിയ കാഷ് കുറ്റപ്പെടുത്തി.വോയിസിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ലേബര്‍ പാര്‍ട്ടി ഇപ്പോഴും തയ്യാറായിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
എങ്ങനെയാണ് വോയിസ് പ്രവര്‍ത്തിക്കുക എന്ന് അറിയില്ലെങ്കില്‍, നോ എന്ന് വോട്ടു ചെയ്യുന്നതാണ് ഉചിതമായ മാര്‍ഗ്ഗം – സെനറ്റര്‍ കാഷ് പറഞ്ഞു.ഒരു ബ്ലാങ്ക് ചെക്കില്‍ കണ്ണുമടച്ച് ഒപ്പുവയ്ക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നതെന്നും, അതിന്റെ ഫലമെന്താകും എന്ന കാര്യത്തില്‍ വ്യക്തമായ ഒരുറപ്പും അദ്ദേഹം നല്‍കുന്നില്ലെന്നും പ്രതിപക്ഷ ആദിമവര്‍ഗ്ഗകാര്യ വക്താവ് ജസീന്ത പ്രൈസും കുറ്റപ്പെടുത്തി.റഫറണ്ടം നടത്താനുള്ള ബില്ലിനെതിരായും ചില പ്രതിപക്ഷ സെനറ്റര്‍മാര്‍ വോട്ട് ചെയ്തിരുന്നു.
ചരിത്രത്തില്‍ കുറിച്ചുവയ്‌ക്കേണ്ട ദിവസം എന്നാണ് സെനറ്റില്‍ ബില്‍ പാസായതിനെ ഗ്രീന്‍സ് ആദിമവര്‍ഗ്ഗ വക്താവ് ഡോറിന്‍ഡ കോക്‌സ് വിശദീകരിച്ചത്.’ഞങ്ങള്‍ ആവശ്യപ്പെട്ട ലക്ഷ്യങ്ങളുടെ തുടക്കം മാത്രമാണ് ഇത്. ആദിമവര്‍ഗ്ഗ ജനതയ്ക്ക് ഈ രാജ്യത്തുള്ള അവകാശങ്ങള്‍ പുനസ്ഥാപിക്കുക എന്നതാണ് അന്തിമ ലക്ഷ്യം. സത്യവും ഉടമ്പടിയും (Truth and Treaty) നേടിയെടുക്കുകയും വേണം’ – സെനറ്റര്‍ കോക്‌സ് പറഞ്ഞു.എന്നാല്‍ ഗ്രീന്‍സ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച ആദിമവര്‍ഗ്ഗ വനിത കൂടിയായ സെനറ്റല്‍ ലിഡിയ തോര്‍പ്പ് ഈ വാദങ്ങളെ ശക്തമായി എതിര്‍ത്തു.റഫറണ്ടം ബഹിഷ്‌കരിക്കാനാണ് അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തത്.ആദിമവര്‍ഗ്ഗക്കാരെ അടിച്ചമര്‍ത്തുന്ന നടപടിയിലെ അടുത്ത ഘട്ടമാണ് ഇതെന്ന് അവര്‍ കുറ്റപ്പെടുത്തി. വോയിസിലൂടെ സമൂഹത്തിന് ഒരു അധികാരവും ലഭിക്കില്ലെന്നും സെനറ്റര്‍ തോര്‍പ്പ് പറഞ്ഞു.ആദിമവര്‍ഗ്ഗ ജനതയ്ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിലൂടെ കോളോണിയലിസ്റ്റ് സംവിധാനങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യേണ്ടതെന്നും തോര്‍പ്പ് പറഞ്ഞു.’അതേ, അതിനായി ഇവിടെ നുഴഞ്ഞുകയറി, കൂടുകള്‍ തകര്‍ത്തെറിഞ്ഞ്, ഇവിടത്തെ വെള്ളക്കാരുടെ അധിനിവേശം ഇല്ലാതാക്കുകയാണ് എന്റെ ലക്ഷ്യം’, സെനറ്റര്‍ തോര്‍പ്പ് പാര്‍ലമെന്റ് പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.”റഫറണ്ടം വിജയിച്ചുകഴിഞ്ഞാല്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് മധുരമനോഹരമായ കഥകള്‍ ഇവിടെ കേള്‍ക്കുന്നുണ്ട്. പക്ഷേ റഫറണ്ടം നടക്കുന്നതുവരെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല അല്ലേ. ഞങ്ങളുടെ കുട്ടികള്‍ ജയിലുകളില്‍ ഇപ്പോഴും നരകിക്കുകയാണ്” – സെനറ്റര്‍ തോര്‍പ്പ് പറഞ്ഞു.
വോയിസ് വെറുമൊരു ഉപദേശക സമിതി മാത്രമായാല്‍ പോര എന്നു ചിന്തിക്കുന്ന ലിഡിയ തോര്‍പ്പിനെ പോലുള്ളവര്‍ക്കൊപ്പം, വോയിസ് സമിതി രാജ്യത്തെ വിഘടിക്കും എന്ന് ചിന്തിക്കുന്നവരും എതിര്‍പക്ഷത്തുണ്ട്.
പ്രതിപക്ഷ ലിബറല്‍ സഖ്യവും, അതിന്റെ നേതാവ് പീറ്റര്‍ ഡറ്റനും അതി ശക്തമായ എതിര്‍പ്പാണ് വോയിസിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്.രാജ്യത്തെ വംശീയമായി വിഭജിക്കുന്ന നടപടിയായിരിക്കും ഇത് എന്നാണ് പീറ്റര്‍ ഡറ്റന്റെ വാദം.
മോഷ്ടിക്കപ്പെട്ട തലമുറ അഥവാ സ്റ്റോളന്‍ ജനറേഷനെക്കുറിച്ച് പാര്‍ലമെന്റിലെ സംവാദത്തിനിടെ വണ്‍ നേഷന്‍ പാര്‍ട്ടി നേതാവ് പോളിന്‍ ഹാന്‍സന്‍ നടത്തിയ പരാമര്‍ശം റഫറണ്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏതു ദിശയിലാകും എന്നതിന്‌റെ സൂചന നല്‍കുന്നതാണ്.എന്തുകൊണ്ട് സ്റ്റോളന്‍ ജനറേഷന്‍ ഉണ്ടായി എന്ന കാര്യം എല്ലാവരും ചിന്തിക്കണം പോളിന്‍ ഹാന്‍സന്‍ പറഞ്ഞത്.അച്ഛനമ്മമാരില്‍ നിന്ന് ആദിമവര്‍ഗ്ഗ കുട്ടികളെ ബലമായി അകറ്റി, വെള്ളക്കാരുടെ വീടുകളിലും ക്യാംപുകളിലും പാര്‍പ്പിച്ച നടപടിയെയും, ആ തലമുറയെയുമാണ് സ്റ്റോളന്‍ ജനറേഷന്‍ എന്നു വിളിക്കുന്നത്.അത്തരത്തില്‍ അകറ്റിയില്ലായിരുന്നുവെങ്കില്‍ അവരില്‍ പല കുട്ടികളും ജീവിച്ചിരിക്കില്ലായിരുന്നു എന്നാണ് പോളിന്‍ ഹാന്‍സന്‍ മുമ്പ് പരാമര്‍ശിച്ചിട്ടുള്ളത്.എന്നാല്‍, ഇത് ആദിമവര്‍ഗ്ഗ കുട്ടികളുടെ അടിസ്ഥാന അവകാശങ്ങളുടെ ഗുരതരമായ ലംഘനമായിരുന്നെന്നും, അവരില്‍ പലരും ജയിലുകളിലടയ്ക്കപ്പെടുകയും, ഗുരതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്.
പോളിന്‍ ഹാന്‍സന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസി തയ്യാറായില്ല.
ഒരു പ്രധാനമന്ത്രി മറുപടി പറയേണ്ട പ്രാധാന്യം അത്തരം പ്രസ്താവനകള്‍ക്കില്ല എന്നാണ് താന്‍ കരുതുന്നതെന്നും, ബഹുമാനപൂര്‍വമുള്ള ചര്‍്ച്ചകളാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ എല്ലാ ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്കും റഫറണ്ടത്തില്‍ പങ്കെടുക്കാനുള്ള കത്ത് ലഭിക്കും.ഭരണഘടനാ ഭേദഗതിയെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് രേഖപ്പെടുത്തുകയാണ് ചെയ്യേണ്ടത്.
റഫറണ്ടം വിജയിച്ചുകഴിഞ്ഞാല്‍ അതിനു ശേഷം പാര്‍ലമെന്റിലായിരിക്കും വോയിസ് സമിതിയുടെ രൂപഘടനയെക്കുറിച്ച് തീരുമാനമെടുക്കുക.ആദിമവര്‍ഗ്ഗ വിഭാഗങ്ങളും പൊതുധാരയുമായുള്ള അകലം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ക്ലോസിംഗ് ദ ഗാപ് പദ്ധതി ഇപ്പോഴും ഫലവത്തായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 19 ലക്ഷ്യങ്ങളില്‍ നാലെണ്ണം മാത്രമാണ് പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ടു പോകുന്നത്.
റഫറണ്ടത്തില്‍ നോ വോട്ടിനായി പ്രചാരണം നടത്തുമെന്ന് നാഷണല്‍സ് പാര്‍ട്ടി നേതാവ് ഡേവിഡ് ലിറ്റില്‍പ്രൗഡ് കഴിഞ്ഞ നവംബറില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.ഭരണഘടനാ ഭേദഗതിയിലൂടെ വോയിസ് സമിതി കൊണ്ടുവന്നല്ല ആദിമവര്‍ഗ്ഗ ശബ്ദം ഉറപ്പാക്കേണ്ടത് എ്ന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്.ബില്യണ്‍ കണക്കിന് ഡോളര്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ ഇതിനായി ചെലവഴിച്ചുകഴിഞ്ഞെന്നും, എന്നാല്‍ തെറ്റായ മാര്‍ഗ്ഗത്തിലാണ് ഇത് നടപ്പാക്കുന്നതെന്നും അദ്ദേഹം എ ബി സിയോട് പറഞ്ഞു.നാഷണല്‍സ് കൂടി ഉള്‍പ്പെട്ട സഖ്യകക്ഷി സര്‍ക്കാരുകളും ഈ തെറ്റായ വഴിയില്‍ തന്നെയായിരുന്നു എന്നും അദ്ദേഹം സമ്മതിച്ചു.സാമൂഹ്യതലത്തിലാണ് മാറ്റം വേണ്ടതെന്നും, ഭരണഘടനാ തലത്തിലല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വോയിസ് റഫറണ്ടത്തില്‍ യെസ് പക്ഷത്തും (അനുകൂലപക്ഷം) നോ പക്ഷത്തും (എതിര്‍പക്ഷം) ഉള്ളവരുടെ പ്രധാന വാദങ്ങള്‍ ഇവയാണ്:
യെസ്
ആദിമവര്‍ഗ്ഗ വിഭാഗങ്ങളുമായി ഏറെ നാള്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വോയിസ് സമിതി എന്ന നിര്‍ദ്ദേശം വന്നത്
ആദിമവര്‍ഗ്ഗക്കാരെ ബാധിക്കുന്ന നിയമങ്ങളില്‍ അവര്‍ക്കും അഭിപ്രായമുണ്ടാകണം
എന്നാല്‍ മാത്രമേ നീതിയുക്തമായ നയരൂപീകരണം സാധ്യമാകൂ
ഭരണഘടനാ ഭേദഗതി വന്നാല്‍ വോയിസ് ഒരു സ്ഥിരം സംവിധാനമാകും. ഭാവി സര്‍ക്കാരുകള്‍ക്ക് അത് പിരിച്ചുവിടാനാകില്ല
ലിംഗസമത്വവും, യുവ പ്രാതിനിധ്യവും എല്ലാം ഉറപ്പാക്കുന്നതാകും വോയിസ് സമിതി
നിയമപരമായ സൂക്ഷ്മപരിശോധനകള്‍ക്ക് ശേഷമാണ് വോയിസ് നിര്‍ദ്ദേശം വന്നിട്ടുള്ളത്
സമിതി അംഗങ്ങള്‍ക്ക് കാലാവധിയുണ്ടാകും.
നോ
വോയിസ് എന്നത് ഒരു പ്രതീകാത്മക സമിതി മാത്രമാകും. ആദിമവര്‍ഗ്ഗ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ അധികാരമുള്ള സമിതി വേണം
വോയിസ് ഉപദേശക സമിതി മാത്രമായതിനാല്‍ സര്‍ക്കാരിന് അതിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കാന്‍ കഴിയും
വോയിസ് സമിതി വരുമ്പോള്‍ ഓസ്‌ട്രേലിയന്‍ ഭരണഘടനയില്‍ വംശീയതയ്ക്ക് അംഗീകാരം ലഭിക്കും
മുമ്പെങ്ങുമില്ലാത്ത വിധം പാര്‍ലമെന്റില്‍ ആദിമവര്‍ഗ്ഗ പങ്കാളിത്തമുണ്ട്. ഇത് തന്നെ മികച്ച ശാക്തീകരണമാണ്.