നെതര്‍ലാന്റില്‍ 4000 വര്‍ഷം പഴക്കമുള്ള മനുഷ്യസങ്കേതം കണ്ടെത്തി. തെക്കന്‍ ഇംഗ്ലണ്ടിലെ പ്രസിദ്ധമായ ശിലാവൃത്തമായ സ്റ്റോണ്‍ഹെഞ്ച് അക്കാലത്ത് ഏങ്ങനെയാണോ പ്രവര്‍ത്തിച്ചിരുന്നത് അതിന് സമാനമായ രീതിയിലാകാം അക്കാലത്ത് ഈ പ്രദേശവും ഉപയോഗിക്കപ്പെട്ടിരുന്നതെന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ പറയുന്നു. പ്രദേശത്ത് നിരവധി മനുഷ്യനിര്‍മ്മിതികളും ശ്മശാന കുന്നുകളും കണ്ടെത്തി. കുറഞ്ഞത് മൂന്ന് ഫുട്ബോൾ മൈതാനങ്ങളോളം വലുതും മണ്ണും മരവും കൊണ്ട് നിർമ്മിച്ചതുമായ ഇവിടം സൂര്യനെ ആരാധിക്കാനായിരിക്കാം നിര്മ്മിക്കപ്പെട്ടിരുന്നതെന്നും നെതര്‍ലാന്റ്സ് പുരാവസ്തു ഗവേഷകര്‍ പറയുന്നു. നെതര്‍ലാന്റിലെ റോട്ടര്‍ഡാമിന് 75 കിലോമീറ്റര്‍ കിഴക്കുള്ള ടീല്‍ മുനിസിപ്പാലിറ്റിക്ക് സമീപത്താണ് ഈ പൗരാണിക നിര്‍മ്മിതികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നിന്നും മനുഷ്യരുടെ തലയോട്ടികള്‍, മൃഗങ്ങളുടെ തലയോട്ടികള്‍, വെങ്കല നിര്‍മ്മിതികളായ കുന്തമുനകള്‍ക്ക് സമാനമായ വസ്തുക്കള്‍, സ്ഫടിക മുത്തുകള്‍, മരത്തിലുള്ള നിര്‍മ്മിതികള്‍ എന്നിവ കണ്ടെത്തിയെന്നും ഇവ സൂര്യനുള്ള വഴിപാടുകള്‍ക്കായി ഉപയോഗിക്കപ്പെട്ടിരുന്നവയാകാമെന്നും പുരാവസ്തു ഗവേഷകര്‍ അനുമാനിക്കുന്നു.
“ഇംഗ്ലണ്ടിലെ സ്റ്റോൺഹെഞ്ചിലെ പ്രശസ്തമായ കല്ലുകൾക്ക് സമാനമായ ഏറ്റവും വലിയ കുന്ന് സൂര്യ കലണ്ടറായി വർത്തിച്ചു,” പുരാവസ്തു ഗവേഷകര്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. അക്കാലത്തെ മനുഷ്യര്‍ വര്‍ഷത്തിലെ പ്രത്യേക ദിവസങ്ങളില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കായി പ്രദേശം ഉപയോഗിച്ചിരുന്നതും മരിച്ചവരെ അടക്കം ചെയ്തിരുന്നതുമായ പ്രദേശവുമായിരിക്കാം ഇവിടം. മാത്രമല്ല, കുന്നിലേക്കുള്ള വഴിയില്‍ ഘോഷയാത്രയ്ക്കെന്നത് പോലെ മരത്തൂണുകളുടെ നിരകള്‍ കണ്ടെത്തി. ഇത്, പ്രദേശം അക്കാലത്ത് ഏറ്റവും പരിശുദ്ധമായി പരിഗണിക്കപ്പെട്ടിരുന്ന ഇടമായിരിക്കാമെന്നതിനുള്ള തെളിവാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
2017 ല്‍ പ്രദേശത്ത് കണ്ടെത്തിയ ശവക്കുഴികളില്‍ നടത്തിയ ഖനനത്തിനിടെ ഒരു സ്ത്രീയുടെ ശവക്കുഴിയില്‍ നിന്നും ലഭിച്ച ഒരു സ്ഫടിക മാല, ഇന്നത്തെ ഇറാഖിലെ മെസോപ്പോട്ടോമിയയില്‍ നിന്നും എത്തിയതാണെന്ന് കരുതപ്പെടുന്നു. നെതർലാൻഡ്സിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള സ്ഫടിക മാലയാണിത്. അക്കാലത്ത് നെതര്‍ലാന്റും മെസോപ്പോട്ടോമിയയും തമ്മില്‍ കച്ചവട ബന്ധമുണ്ടായിരുന്നു എന്നതിന് ശക്തമായ തെളിവാണ് ഈ സ്ഫടിക മാലയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ശിലായുഗം, വെങ്കലയുഗം, ഇരുമ്പ് യുഗം, റോമന്‍ സാമ്രാജ്യം, മധ്യകാലഘട്ടം തുടങ്ങിയ പൗരാണിക ചരിത്രത്തിലെ പ്രധാനപ്പെട്ട എല്ലാ ചരിത്രസന്ധികളിലും നിര്‍മ്മിക്കപ്പെട്ട ഒരു ദശലക്ഷത്തിലധികം വസ്തുക്കള്‍ ഈ പ്രദേശത്ത് നിന്നും ഖനനം ചെയ്ത് എടുക്കുന്നതിനായി ഗവേഷകര്‍ക്ക് ആറ് വര്‍ഷം വേണ്ടിവന്നു. ഖനനാനന്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സൈറ്റ് മൂടിയതായും റിപ്പോര്‍ട്ട് പറയുന്നു. പ്രദേശത്ത് നിന്നും കണ്ടെത്തിയ വസ്തുക്കള്‍ ടൈലിലെ പ്രാദേശിക മ്യൂസിയത്തിലും മറ്റുള്ളവ ഡച്ച് നാഷണല്‍ മ്യൂസിയം ഓഫ് ആന്റിക്വിറ്റീസിലും പ്രദര്‍ശിപ്പിക്കും.