കാൻബെറ : ലോകത്തെ ഏറ്റവും അപകടകാരികളായ ചിലന്തി സ്പീഷിസുകളില്‍ ഒന്നാണ് ഓസ്ട്രേലിയൻ ഫണല്‍ – വെബ് സ്പൈഡര്‍.മനുഷ്യര്‍ക്ക് പോലും അപകടം സൃഷ്ടിക്കാൻ ശേഷിയുള്ള ഫണല്‍ – വെബ് സ്പൈഡറുകളുണ്ട്. എന്നാല്‍ ഇവയുടെ കടിയേറ്റ് മനുഷ്യരില്‍ ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കാര്യം ഭീകരനാണെങ്കിലും മനുഷ്യര്‍ക്ക് ഉപകാരിയാണ് ഇവയെന്ന് ശാസ്ത്രലോകം പറയുന്നു. ഇവയുടെ മാരക വിഷം തന്നെയാണ് മനുഷ്യര്‍ക്ക് ഗുണം ചെയ്യുക. ഈ വിഷത്തില്‍ നിന്ന് ഹൃദയാഘാതത്തിനടക്കം ഫലപ്രദമായ ഒരു മരുന്ന് വികസിപ്പിക്കാനുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രലോകം.
ഹൃദയാഘാതം സംഭവിക്കുന്നവരുടെ ജീവൻ സംരക്ഷിക്കാൻ ഫലപ്രദമായ പരീക്ഷണാടിസ്ഥാനത്തിലെ ഒരു മരുന്ന് 2021ല്‍ ഫണല്‍ – വെബ് സ്പൈഡര്‍ വിഷത്തില്‍ നിന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഹൃദയാഘാതത്തിന് പിന്നാലെ കോശങ്ങളുടെ മരണത്തിലേക്ക് നയിക്കുന്ന അപായ സന്ദേശം ശരീരം പുറപ്പെടുവിക്കുന്നത് തടയാൻ ഈ വിഷം സഹായിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഹൃദയാഘാതത്തിന് പിന്നാലെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നു. ഇതിന്റെ ഫലമായി ഹൃദയപേശിയില്‍ ഓക്സിജന്റെ അളവും താഴുന്നു.
ഓക്സിജൻ കുറയുന്നതോടെ കോശങ്ങള്‍ക്ക് ചുറ്റും അസിഡിക് സ്വഭാവം രൂപപ്പെടുകയും ഇത് ക്രമേണ ഹൃദയ കോശങ്ങളുടെ മരണത്തിലേക്ക് നയിക്കുന്ന സന്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഹൃദയാഘാതം സംഭവിച്ച് ഓരോ മിനിറ്റിലും ഹൃദയ പേശിയിലെ കോശങ്ങള്‍ ഇങ്ങനെ നശിച്ചു തുടങ്ങുന്നു. കോശങ്ങളുടെ നാശം കഴിയുന്നത്ര കുറച്ചാണ് ഹൃദയാഘാതം സംഭവിച്ചവരെ രക്ഷപ്പെടുത്തുന്നത്.
ഹൃദയാഘാതത്തിന് പിന്നാലെ ഹൃദയ പേശിയിലെ കോശങ്ങള്‍ നശിക്കുന്നത് എങ്ങനെ തടയാം, അല്ലെങ്കില്‍ എങ്ങനെ പരമാവധി കുറയ്ക്കാമെന്ന ഗവേഷണങ്ങള്‍ ദശാബ്ദങ്ങളായി നടക്കുന്നുണ്ട്. എന്നാല്‍, ഇതുവരെയും ഹൃദയ കോശങ്ങള്‍ നശിക്കുന്നത് തടയാൻ ശക്തിയുള്ള ഒരു മരുന്ന് വികസിപ്പിച്ചെടുത്തിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ മരിക്കാനുള്ള കാരണങ്ങളില്‍ ഒന്നും ഇതാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
എന്നാല്‍, ഫണല്‍ – വെബ് സ്പൈഡറില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രോട്ടീന് ഹൃദയാഘാതത്തിന്റെ സമ്മര്‍ദ്ദത്തില്‍ അകപ്പെട്ട ഹൃദയ കോശങ്ങളെ നിര്‍ജീവമാകുന്നതില്‍ നിന്ന് തടയാൻ സാധിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രോട്ടീൻ ഹൃദയത്തിലെ ആസിഡ് സെൻസിംഗ് അയോണ്‍ ചാനലുകളെ തടയുകയും ഇത് വഴി ഹൃദയകോശങ്ങളുടെ മരണത്തിലേക്ക് നയിക്കുന്ന സന്ദേശങ്ങള്‍ തടസപ്പെടുകയും കോശങ്ങള്‍ നശിക്കുന്നത് ഗണ്യമായി കുറയുകയും ചെയ്യുന്നു. ഇതിലൂടെ ഹൃദയ കോശങ്ങളുടെ മെച്ചപ്പെട്ട അതിജീവനം സാദ്ധ്യമാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഹൃദയത്തെ സംരക്ഷിച്ച് ജീവൻ രക്ഷിക്കുക മാത്രമല്ല, ഹൃദയ മാറ്റിവയ്ക്കലിന് വിധേയമായ ഒരാളില്‍ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടാനും ഈ മരുന്ന് ഉപകരിച്ചേക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. സ്ട്രോക്കിനെതിരെയും ഫണല്‍ വെബ് സ്പൈഡറിന്റെ വിഷം ഫലപ്രദമാണെന്ന് നേരത്തെ നടന്ന ഗവേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. വൈദ്യശാസ്ത്ര രംഗത്ത് വഴിത്തിരിവായി മാറിയേക്കാവുന്ന ഈ മരുന്നിന്റെ മനുഷ്യരിലുള്ള ട്രയല്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.