ദില്ലി: ധനകാര്യ സ്ഥാപനത്തിൽ നിന്ന് എട്ടുകോടി രൂപ കവർന്ന് മുങ്ങിയ ദമ്പതികൾ ഒടുവിൽ പൊലീസിന്റെ പിടിയിലായി. മൻദീപ് കൗറും ഭർത്താവ് ജസ്വീന്ദർ സിംഗുമാണ് ഉത്തരാഖണ്ഡിലെ ഹേമകുണ്ഡ് സാഹിബിന് സമീപം പിടിയിലായത്. ലുധിയാനയിലെ ക്യാഷ് മാനേജ്മെന്റ് സ്ഥാപനം കൊള്ളയടിച്ചാണ് ഇവർ മുങ്ങിയത്. ജൂൺ 10ന് സിഎംഎസ് സർവീസസ് ഓഫീസിലെ സുരക്ഷാ ജീവനക്കാരെ കീഴടക്കി ആയുധധാരികളായ മോഷ്ടാക്കൾ എട്ട് കോടി രൂപ അപഹരിച്ച് സ്ഥലം വിട്ടു. കവർച്ചയ്ക്ക് ശേഷം, ദമ്പതികൾ സിഖ് ദേവാലയമായ ഹേമകുണ്ഡ് സാഹിബിലേക്ക് തീർത്ഥാടനം നടത്തി. കവർച്ച വിജയിച്ചതിൽ ദൈവത്തിന് നന്ദി പറയാനാണ് ഇരുവരും തീർഥാടനം നടത്തിയതെന്ന് ലുധിയാന പൊലീസ് കമ്മീഷൻ മന്ദീപ് സിംഗ് സിദ്ധു പറഞ്ഞു. എന്നാൽ, തീർഥാടനത്തിനിടെ ജ്യൂസ് കുടിക്കാനുള്ള ഇവരുടെ ആഗ്രഹം ഇവരെ വലയിലാക്കി. നേപ്പാളിലേക്ക് രക്ഷപ്പെടാൻ ദമ്പതികൾ പദ്ധതിയിട്ടിരുന്നു. എന്നാൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ ആ പദ്ധതി പാളി. തുടർന്ന് ഇവർ ഹേമകുണ്ഡ് സാഹിബ്, കേദാർനാഥ്, ഹരിദ്വാർ തുടങ്ങിയ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു. മൻദീപ് കൗറും ജസ്വീന്ദർ സിംഗും ഹേമകുണ്ഡ് സാഹിബിൽ ഉണ്ടെന്ന് അറിയാമെങ്കിലും ഇത്രയും തിരക്കിൽ ഇവരെ തിരിച്ചറിയുക എന്നതായിരുന്നു വെല്ലുവിളിയെന്ന് പൊലീസ് പറയുന്നു. തുടർന്ന് പൊലീസ് തന്ത്രം മെനഞ്ഞു. സൗജന്യ പാനീയ കിയോസ്ക് സ്ഥാപിക്കുകയും ജ്യൂസിന്റെ പാക്കറ്റുകൾ ഭക്തർക്ക് സൗജന്യമായി നൽകുകയും ചെയ്തു. പൊലീസ് ഒരുക്കിയ കെണിയെക്കുറിച്ച് ഇരുവരും വെള്ളം കുടിക്കാനും ജ്യൂസ് പാക്കറ്റ് എടുക്കാനും എത്തി. ഈ സമയം ഇവർ മുഖാവരണം എടുത്തുമാറ്റിയതോടെ തിരിച്ചറിഞ്ഞു. ദമ്പതികൾ പ്രാർത്ഥന പൂർത്തിയാക്കുന്നത് വരെ പൊലീസ് കാത്തിരുന്നു.പ്രാർത്ഥന കഴിഞ്ഞ് ദേവാലയത്തിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ അൽപനേരം പിന്തുടർന്ന് ഇരുവരെയും പിടികൂടി. ദമ്പതികളിൽ നിന്ന് 21 ലക്ഷം രൂപ കണ്ടെടുത്തതായി പൊലീസ് കമ്മീഷണർ സിദ്ധു പറഞ്ഞു. എട്ട് കോടിയുടെ കവർച്ചയിൽ ഇതുവരെ 6 കോടിയോളം രൂപ പൊലീസ് കണ്ടെടുത്തു. കേസിൽ ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 100 മണിക്കൂറിനുള്ളിൽ ലുധിയാന കവർച്ചയുടെ സൂത്രധാരന്മാരെ പിടികൂടിയതായി പഞ്ചാബ് പൊലീസ് മേധാവി ഗൗരവ് യാദവ് പറഞ്ഞു.