തെക്കന്‍ ഗ്രീസില്‍ കുടിയേറ്റക്കാരുമായി മറിഞ്ഞ മത്സ്യബന്ധന ബോട്ടില്‍ നൂറോളം കുട്ടികള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്.ബോട്ടില്‍ നിന്നും രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തല്‍ ഉദ്ധരിച്ച് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം അപകടത്തില്‍ ഇതുവരെ 78 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. എന്നാല്‍ 750 പേര് വരെ ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ബോട്ട് മറിഞ്ഞ പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. എന്നാല്‍ ജീവനോടെ ആളുകളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ കുറയുന്നുവെന്നാണ് സൂചനകള്‍. കോസ്റ്റ്ഗാര്‍ഡ് നേരത്തെ ഇടപെട്ടില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നുവെങ്കിലും തങ്ങളുടെ സഹായ വാഗ്ദാനങ്ങള്‍ നിരസിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ബോട്ടപകടം സംഭവിച്ചത് മനുഷ്യക്കടത്തിനിടെയാണെന്ന ആരോപണത്തെത്തുടര്‍ന്ന് ഈജിപ്തുകാര്‍ ഉള്‍പ്പെടെ 9 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി ഗ്രീക്ക് ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
പെലോപ്പൊന്നീസ് തീരത്ത് നിന്ന് പൈലോസിന് 47 നോട്ടിക്കല്‍ മൈല്‍ (87 കിലോമീറ്റര്‍) തെക്കുപടിഞ്ഞാറായി അന്താരാഷ്ട്ര സമുദ്രത്തിലാണ് കപ്പല്‍ മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവര്‍ ഏത് രാജ്യക്കാരനാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും കപ്പലില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും ഈജിപ്ത്, സിറിയ, പാകിസ്താന് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നാണ് അധികൃതര്‍ പറഞ്ഞത്.