റിയോ ഡി ജനീറോ: ലിയോണല്‍ മെസി ഇത്തവണത്തെ ബാലോണ്‍ ഡി ഓര് പുരസ്കാരം നേടുമെന്ന് ബ്രസീലിയന്‍ മുന്‍താരം റൊണാള്‍ഡോ. മെസിയും എര്‍ലിംഗ് ഹാളണ്ടുമാണ് ബാലോണ്‍ ഡി ഓറിന് വേണ്ടി മൂന്നിലുള്ളത്. എന്നാല്‍ ഖത്തര്‍ ലോകകപ്പ് നേട്ടമാണ് മെസിയെ വേറിട്ടതാക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി താരം ഹാളണ്ടിന് യുവേഫ ചാംപ്യന്‍സ് ലീഗും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും എഫ് എ കപ്പും നേടാനായിരുന്നു.
ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം ആരെന്ന ചോദ്യം അപ്രസക്തമാക്കിയാണ് ഖത്തറില്‍ ലിയോണല്‍ മെസ്സിയും സംഘവും കിരീടം ചൂടിയത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരവും കിരീടത്തോടൊപ്പം മെസി ഏറ്റുവാങ്ങി. ഫിഫ പുരസ്കാരത്തിലും നിറഞ്ഞുനിന്നത് അര്‍ജന്റീന നായകന്. ബാലണ്‍ ഡി ഓര് പ്രഖ്യാപിക്കാന്‍ ഇനിയും നാല് മാസങ്ങളുണ്ടെങ്കിലും എട്ടാം തവണയും മെസി നേട്ടത്തിലെത്തുമെന്നാണ് ബ്രസീലിയന്‍ മുന്‍താരം റൊണാള്‍ഡോ പ്രതീക്ഷിക്കുന്നത്.ലോകകപ്പ് ഏറ്റവും വലിയ ടൂര്‍ണമെന്റാണ്. മെസിയാണ് ഇത്തവണ ബാലോണ്‍ ഡി ഓറിന് അര്‍ഹനെന്നും റൊണാള്‍ഡോ പറഞ്ഞു. ഹാളണ്ട്, പ്രീമിയര്‍ ലീഗിലെയും ചാംപ്യന്‍സ് ലീഗിലെയും ടോപ് സ്കോററുമായി. 53 ഗോളും ഒന്‍പത് അസിസ്റ്റുമാണ് സീസണില്‍ ഹാളണ്ടിന്റെ സമ്പാദ്യം. പിഎസ്ജിക്കൊപ്പം ഫ്രഞ്ച് ലീഗ് സ്വന്തമാക്കിയ മെസിയുടെ പേരില്‍ 38 ഗോളും 25 അസിസ്റ്റുമാണുള്ളത്. കിലിയന്‍ എംബാപ്പേ, വിനിഷ്യസ് ജുനിയര്‍, കെവിന് ഡിബ്രൂയ്ന് തുടങ്ങിയവരും സാധ്യതയില്‍ മുന്നിലുണ്ട്. സെപ്റ്റംബര്‍ ആറിന് 30 താരങ്ങളുടെ ചുരുക്കപ്പട്ടിക പുറത്തുവിടും. കരീം ബെന്‍സെമയാണ് നിലവിലെ ജേതാവ്.