ഏതൻസ്: ലിബിയയില്‍ നിന്നും അഭയാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി 79 പേര്‍ മരിച്ചു. ഗ്രീസിനടുത്താണ് ബോട്ട് മുങ്ങിയത്.ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.104 അഭയാര്‍ഥികളെ ഇതുവരെ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. ഇവരെ കല്‍മാറ്റ നഗരത്തിലേക്കാണ് അയച്ചിരിക്കുന്നത്. 16 മുതല്‍ 41 വയസ് വരെ പ്രായമുള്ള പുരുഷൻമാരാണ് രക്ഷപ്പെട്ടവരില്‍ കൂടുതലും. സ്ത്രീകളും കുട്ടികളും ബോട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 750 പേര്‍ ബോട്ടില്‍ സഞ്ചരിച്ചതെന്നാണ് വിവരം. അതേസമയം, ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷൻ ഫോര്‍ മൈഗ്രേഷന്റെ കണക്കുപ്രകാരം 400 പേരാണ് ബോട്ടിലുള്ളത്. ലിബിയയിലെ ടോബ്രൂക്കില്‍ നിന്നാണ് ബോട്ട് യാത്ര തിരിച്ചത്.
അഭയാര്‍ഥികളുമായി വന്ന ബോട്ടിന് സഹായം നല്‍കാമെന്ന് അറിയിച്ചിരുന്നതായി ഗ്രീസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. എന്നാല്‍, ഇത് നിരസിച്ച അഭയാര്‍ഥികള്‍ യാത്ര തുടരാനാണ് താല്‍പര്യമെന്ന് അറിയിച്ചു. മണിക്കൂറുകള്‍ക്കകം ബോട്ട് മുങ്ങുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.