ഹൈദരാബാദ്: ലണ്ടനിൽ ഇന്ത്യൻ സ്വദേശിയായ 27 കാരി കുത്തേറ്റ് കൊല്ലപ്പെട്ടത് നാട്ടിലേക്ക് തിരിച്ചെത്തി വിവാഹം നടക്കാനിരിക്കെ. അടുത്തു തന്നെ നാട്ടിലേക്ക് വരാനായി തേജസ്വിനി തയ്യാറെടുത്തിരുന്നുവെന്നും ഇതിനിടയിലാണ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ഹൈദരാബാദ് സ്വദേശിനി കൊന്തം തേജസ്വിനിയാണ് താമസ സ്ഥലത്ത് വെച്ച് ബ്രസീൽ പൗരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ തേജസിനിയുടെ കൂടെ താമസിക്കുന്ന ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റിരുന്നു.
മൂന്നു വർഷം മുമ്പാണ് തേജസ്വനി ഉപരിപഠനത്തിനായി ലണ്ടനിലെത്തിയത്. മാസ്റ്റർ ഓഫ് സയൻസ് ചെയ്യാനാണ് യുവതി ലണ്ടനിൽ പോയതെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ തേജസ്വനി നാട്ടിലെത്തിയിരുന്നു. ഇത്തവണ കഴിഞ്ഞ മേയ് മാസത്തിൽ വീണ്ടും നാട്ടിലേക്ക് വരാനിരുന്നതാണെങ്കിലും മാറ്റിവെച്ചു. ഇത്തവണ വരുമ്പോൾ വിവാഹം നടത്താനായിരുന്നു തീരുമാനം. ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിയിൽ മകള്‍ നിന്ന് രാജിവച്ചിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു തേജസ്വിനി ലണ്ടനിലെ അപ്പാർട്ട്മെന്‍റിൽ കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോൾ തേജസ്വിനി രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചെന്ന് ഡോക്ടർമാർ പറഞ്ഞു. താമസ സ്ഥലവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഒരാഴ്ച മുൻപാണ് തേജസ്വിനി സുഹൃത്തുക്കൾക്കൊപ്പം താമസം മാറിയത്. സംഭവത്തിൽ തേജസ്വിനിയോടൊപ്പം മുൻപ് താമസിച്ചിരുന്ന ബ്രസീലിയൻ പൗരനായ കെവിൻ അന്റോണിയോ ലോറെൻസോ ഡി മോറിസടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം മകളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു.