തായ്പെയ്: ചൈനീസ് പട്ടാളക്കാരെ എങ്ങനെ തിരിച്ചറിയാമെന്നതടക്കമുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ സിവില്‍ ഡിഫൻസ് ഹാൻഡ്‌ബുക്ക് പുറത്തിറക്കി തായ്‌വാൻ സൈന്യം.
യൂണിഫോം, ചിഹ്നം എന്നിവയെ അടിസ്ഥാനമാക്കി ചൈനീസ്, തായ്‌വാൻ സൈനികര്‍ തമ്മിലെ വ്യത്യാസം എങ്ങനെ മനസിലാക്കാമെന്ന് ഇന്നലെ പുറത്തിറക്കിയ ഹാൻഡ്‌ബുക്കില്‍ പറയുന്നു.
യുദ്ധ സാഹചര്യത്തില്‍ ബോംബ് ഷെല്‍ട്ടറുകള്‍, വെള്ളം, ഭക്ഷണം എന്നിവ സ്‌മാര്‍ട്ട്‌ഫോണ്‍ ആപ്പുകള്‍ വഴി എങ്ങനെ കണ്ടെത്താം, അടിയന്തര ശുശ്രൂഷ കിറ്റുകള്‍ തയാറാക്കാനുള്ള വഴികള്‍ തുടങ്ങിയവ വിവരിക്കുന്ന ഹാൻഡ്‌ബുക്കിന്റെ ആദ്യ പതിപ്പ് തായ്‌വാൻ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു.
ഇതിന്റെ വിപുലീകരിച്ച പതിപ്പാണ് ഇപ്പോള്‍ പുറത്തുവന്നത്. ചൈനയുമായുള്ള പിരിമുറുക്കം രൂക്ഷമാകുന്നതിനിടെയാണ് നീക്കം. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധസാഹചര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ഭാഗങ്ങള്‍ ബുക്കില്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ചൈനയുടെ പീപ്പിള്‍സ് ലിബറേഷൻ ആര്‍മി അംഗങ്ങള്‍ തായ്‌വാൻ സൈന്യത്തിന്റെ യൂണിഫോം ധരിച്ച് നുഴഞ്ഞുകയറാൻ ഇടയുണ്ടെന്നും ബുക്കില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുന്ന പുതിയ ഹാൻഡ്‌ബുക്കില്‍ പൊലീസ്, അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ തുടങ്ങിയവരെ പറ്റിയുള്ള വിവരങ്ങളും നല്‍കിയിട്ടുണ്ട്.
ഹാൻഡ്‌ബുക്കിന്റെ ഇംഗ്ലീഷ് തര്‍ജ്ജമയ്ക്കുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സ്വയംഭരണാധികാരമുള്ള ദ്വീപായ തായ്‌വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കാണുന്നത്. ആവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ തായ്‌വാനെ പിടിച്ചെടുക്കാൻ മടിയില്ലെന്നാണ് ചൈനയുടെ നിലപാട്.