തിരുവനന്തപുരം: തിരുവനന്തപുരത്തെ കൂടം തറവാടിലെ അവസാന കണ്ണിയായ ജയമാധവൻ നായരുടെ ദുരൂഹ മരണത്തിൽ വീണ്ടും വഴിത്തിരിവ്. നുണപരിശോധനക്ക് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതം അറിയിച്ചിരുന്ന കൂടം തറവാട്ടിലെ ജോലിക്കാരായിരുന്ന സഹദേവനും മരുമകൻ സെന്തിലും കോടതിയിൽ കൂറുമാറി. തലക്ക് പരിക്കേറ്റ ജയമാധവൻ നായരെ ആശുപത്രിയിലെത്തിക്കാൻ ബോധപൂർവ്വം വൈകിപ്പിച്ചുവെന്ന ആരോപണം നിലനിൽക്കെയാണ് കൂറുമാറ്റം.
കോടികളുടെ ആസ്തിയുണ്ടായിരുന്ന കൂടംതറവാട്ടിൽ പലകാലത്ത് ഉണ്ടായ പല മരണങ്ങളും സംശയ നിഴലിലാണ്. തറവാട്ടിലെ അവസാന കണ്ണിയായിരുന്ന ജയമാധവൻ നായരുടെ മരണത്തിലുമുണ്ടായത് വലിയ ദുരൂഹതയാണ്. മരണത്തിന് പിന്നാലെ വസ്തു വകകള്‍ കാര്യസ്ഥന്റെ
വീട്ടുജോലിക്കാരുടെയും അകന്ന ചില ബന്ധുക്കളുടെയും പേരിലേക്കായി. ജയമാധവൻ നായർ തയ്യാറാക്കിയതായി പറയുന്ന വിൽപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്വത്തുക്കൾ പങ്കിട്ടെടുത്തത്. ജയമാധവൻ നായരുടെ മരണം കാരണം തലക്കടിയേറ്റതാണെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് പ്രത്യേക സംഘം വിശദമായ അന്വേഷണം തുടങ്ങിയത്.