ദില്ലി: വിതരണത്തിലെ പ്രശ്‌നങ്ങളും ജീവനക്കാരുടെ വർദ്ധനവും ഇന്ത്യൻ എയർലൈനായ വിസ്താരയ്ക്ക് പുതിയ തലവേദന സൃഷ്ടിച്ചു. വിസ്താരയിലെ ഏകദേശം 10 ശതമാനം ക്യാബിൻ ക്രൂവിന് യൂണിഫോം എയർലൈനിനു കഴിയാതെ വന്നതോടെ ഒരു ബദൽ മാർഗം കണ്ടെത്തിയിരിക്കുകയാണ് വിസ്താര. ജീവനക്കാർക്ക് വയലറ്റ് നിറത്തിലുള്ള യൂണിഫോമിന് പകരം കറുത്ത നിറത്തിലുള്ള ട്രൗസറുകളും പോളോ ടീ-ഷർട്ടും നൽകുകയാണ് എയർലൈൻ.
പ്രശ്‌നം എത്രയും വേഗം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വിതരണക്കാരുമായി പുതിയ കരാറിൽ എത്തിയിട്ടുണ്ടെന്നും വിസ്താര അറിയിച്ചിട്ടുണ്ട്. താൽക്കാലിക യൂണിഫോം ആണെങ്കിലും എല്ലാ ക്യാബിൻ ക്രൂവിന്റെയും ശ്രദ്ധ ലോകോത്തര ഉപഭോക്തൃ സേവനം നൽകുന്നതിൽ തുടരുമെന്ന് വിസ്താര അറിയിച്ചു. വിസ്താരയിൽ 2,100 ക്യാബിൻ ക്രൂ ഉണ്ട്. അതിൽ 200 ഓളം ജീവനക്കാർക്ക് താൽക്കാലിക യൂണിഫോമിൽ ആയിരിക്കും. ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡും സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമായ വിസ്താര മെറ്റീരിയൽ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നം ഉണ്ടാകുന്നത് ആദ്യമായാണ്.