മലാബോ : മദ്ധ്യാഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയില്‍ നാല് മാസങ്ങള്‍ മുമ്ബ് ആരംഭിച്ച അതീവ അപകടകാരിയായ മാര്‍ബര്‍ഗ് വൈറസ് വ്യാപനം അവസാനിച്ചതായി ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ) അറിയിച്ചു.
ഇതുവരെ 35 പേര്‍ രാജ്യത്ത് മാര്‍ബര്‍ഗ് രോഗം ബാധിച്ച് മരിച്ചെന്ന് കരുതുന്നു. ഇവരില്‍ എല്ലാവരിലും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ദിവസങ്ങള്‍ക്ക് മുമ്ബ് ടാൻസാനിയയില്‍ മാര്‍ബര്‍ഗ് വ്യാപനം അവസാനിച്ചെന്ന് ഡബ്ല്യു.എച്ച്.ഒ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ 42 ദിവസമായി ഇക്വറ്റോറിയല്‍ ഗിനിയില്‍ മാര്‍ബര്‍ഗ് ബാധ സംശയിക്കുന്ന കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചികിത്സയിലിരുന്ന അവസാന രോഗിയും ആശുപത്രിവിട്ടു. ഫെബ്രുവരി 13ന് കീഎൻറ്റം പ്രവിശ്യയില്‍ ഒമ്ബതോളം പേര്‍ മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാജ്യത്ത് മാര്‍ബര്‍ഗ് വ്യാപനം കണ്ടെത്തിയത്.
ഡബ്ല്യു.എച്ച്.ഒയുടെ കണക്ക് പ്രകാരം ലക്ഷണങ്ങളുള്ള 17 പേരുടെ സാമ്ബിള്‍ ഫലമാണ് ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിക്കാനായത്. 12 മരണങ്ങളും സ്ഥിരീകരിച്ചു. രാജ്യത്ത് മരിച്ച മറ്റ് 23 പേരിലും മാര്‍ബര്‍ഗ് ബാധിച്ചിരുന്നിരിക്കാമെന്നാണ് നിഗമനം. രാജ്യത്തെ എട്ട് പ്രവിശ്യകളിലാണ് കേസുകള്‍ കണ്ടെത്തിയത്. അതേ സമയം, ആഫ്രിക്കൻ രാജ്യങ്ങളില്‍ മാര്‍ബര്‍ഗ് വൈറസിന്റെ ഭീതി ഒഴിഞ്ഞിട്ടില്ലെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.
2004 – 2005 കാലയളവില്‍ അംഗോളയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധിച്ച 252 പേരില്‍ 227 പേരും മരിച്ചിരുന്നു എബോളയ്ക്ക് സമാനമായി വവ്വാലുകളില്‍ നിന്ന് പകരുന്ന മാര്‍ബര്‍ഗ് വൈറസ് ബാധയ്ക്ക് 88 ശതമാനം വരെ മരണനിരക്കാണുള്ളത്. ആഫ്രിക്കൻ പഴംതീനി വവ്വാലുകളില്‍ നിന്നോ വൈറസ് വാഹകരായ മറ്റ് മൃഗങ്ങളില്‍ നിന്നോ മനുഷ്യരിലേക്ക് പടരുന്നു.
അംഗോള, ഡി.ആര്‍. കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട തുടങ്ങി ആഫ്രിക്കയുടെ പല ഭാഗത്തും മുമ്ബ് മാര്‍ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കും പടരുന്ന മാര്‍ബര്‍ഗ് വൈറസിന് നിലവില്‍ ചികിത്സയോ വാക്സിനോ ഇല്ല. കടുത്ത പനി, തലവേദന, ശരീരവേദന, മസ്തിഷ്‌കജ്വരം, രക്തസ്രാവം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.