കീവ് : യുക്രെയിനിലെ ഖേഴ്സണ്‍ പ്രവിശ്യയില്‍ നോവ കഖോവ്‌ക ഡാം തകര്‍ന്നത് മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ അഞ്ച് പേര്‍ മരിച്ചതായി റഷ്യയുടെ സ്ഥിരീകരണം.
എന്നാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നിരിക്കാമെന്നാണ് യുക്രെയിൻ അധികൃതര്‍ പറയുന്നത്.
ഖേഴ്സണിലെ 600 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വെള്ളത്തിനടിയില്‍ തുടരുകയാണ്. ഇതില്‍ 68 ശതമാനവും റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ്. യുക്രെയിന്റെ നിയന്ത്രണത്തിലുള്ള ബാക്കി ഭാഗത്ത് മാത്രം 159 ട്രാൻസ്ഫോര്‍മര്‍ സബ്സ്റ്റേഷനുകള്‍ തകരാറിലായി. 14,716 വീടുകളിലേക്കുള്ള വാതക വിതരണവും തടസപ്പെട്ടു. ഒസ്ട്രീവ് ജില്ലയില്‍ ജലവിതരണം പൂര്‍ണമായും മുടങ്ങി.
വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെയിലും റഷ്യ ഷെല്ലാക്രമണം തുടരുന്നതായി യുക്രെയിൻ ആരോപിച്ചു. ഖേഴ്സണിന്റെ തെക്കൻ മേഖലകളില്‍ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെൻസ്കി ഇന്നലെ സന്ദര്‍ശനം നടത്തി.