ഭോപാല്‍: കടം വാങ്ങിയ പണം തിരികെ ചോദിച്ച അമ്മാവനെ ക്രൂരമായി കൊല ചെയ്ത് അനന്തരവന്. മധ്യ പ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. 45കാരനായ വ്യാപാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വിവേക് ശര്‍മ എന്നയാളെയാണ് അനന്തരവനായ മോഹിത് കൊന്ന് ആറ് കഷ്ണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് കവറുകളിലാക്കി ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയില്‍ കുഴിച്ച് മൂടിയത്. ഗോപാല്‍ കൃഷ്ണ സാഗര്‍ അണക്കെട്ടിന് സമീപത്ത് നിന്ന് മൃതദേഹാവശിഷ്ടങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ മോട്ടോര്‍ സൈക്കിളും കണ്ടെത്തിയിരുന്നു.ജൂലൈ 12നാണ് അനന്തരവനായ മോഹിതിനെ കാണാനായി വിവേക് ശര്‍മ പോയത്. മോഹിതിന് നല്കിയ 90000 രൂപ വാങ്ങിക്കാനായായിരുന്നു ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നത് സാധാരണമായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. എന്നാല്‍ ചോദിച്ച സമയത്ത് പണം കൊടുക്കാനാവാതെ വന്നതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ മെഡിക്കല്‍ റപ്രസെന്റേറ്റീവായ മോഹിത് വിവേകിന്റെ ചായയില്‍ ഉറക്കുഗുളിക കലര്‍ത്തി. അബോധാവസ്ഥയിലായ വിവേകിനെ താമസിക്കുന്ന വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയ ശേഷം ആറ് കഷ്ണങ്ങളാക്കി മുറിച്ച് ഉപേക്ഷിക്കുകയായിരുന്നു.