8 ബില്ല്യൺ വർഷങ്ങൾക്ക് മുമ്പുള്ള അഞ്ജാത റേഡിയോ സിഗ്നലുകൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുകയാണ്. FRB 20220610A എന്ന് പേരിട്ടിരിക്കുന്ന ഈ ഫാസ്റ്റ് റേഡിയോ ബർസ്റ്റ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമേറിയതും, ഏറെ ദൂരെ നിന്നുള്ളതുമാണ്. അതുകൊണ്ട് തന്നെ ബഹിരാകാശത്തെ കൂടുതൽ നിഗൂഢതകൾ കണ്ടെത്താൻ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
FRB 20220610A യുടെ കണ്ടെത്തൽ പ്രപഞ്ചത്തിൻ്റെ ഭൂതകാലത്തെക്കുറിച്ച് പഠിക്കാനുള്ള പുതിയ ഒരു അവസരമായി മാറുമെന്നാണ് പ്രതീക്ഷ. നമ്മുടെ ഗ്യാലക്സിയിൽ നിന്ന് ഏറെ അകലെയുള്ള, മറ്റൊരു ഗ്യാലക്സിയിൽ നിന്നാവാം ഈ സിഗ്നൽ ഉത്ഭവിച്ചിട്ടുണ്ടാകാനാണ് നിഗമനം. ഓസ്ട്രേലിയൻ സ്ക്വയർ കിലോമീറ്റർ അറേ പാത്ത്ഫൈൻഡർ (ASKAP) ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ സിഗ്നലിൻ്റെ ഉത്ഭവം കണ്ടെത്തിയത്.
ഫാസ്റ്റ് റേഡിയോ ബർസ്റ്റുകൾ (FRBs) മില്ലിസെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്ന റേഡിയോ തരംഗങ്ങളുടെ ഹ്രസ്വവും അതേ സമയം തീവ്രവുമായ സ്പന്ദനങ്ങളാണ്. 2007-ലാണ് ആദ്യമായി ഇവ കണ്ടെത്തിയത്. നിഗൂഢമായ സ്വഭാവമുള്ള ഇവയുടെ ഉത്ഭവവും സ്വഭാവവും കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഈ ശക്തമായ സ്ഫോടനങ്ങൾ സൂപ്പർനോവ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.
നൂതന സാങ്കേതികവിദ്യകളും സഹകരണ ഗവേഷണങ്ങളും ഉപയോഗിക്കുന്നതിലൂടെ, ഈ പൊട്ടിത്തെറികളുടെ ഉത്ഭവവും പ്രത്യാഘാതങ്ങളും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയയിലെ മക്വാരി സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ഡോ. സ്റ്റുവർട്ട് റൈഡറും സംഘവും.