ദില്ലി: എഴുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. രാവിലെ 7.35 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിൽ അദ്ദേഹം പുഷ്പാർച്ചന അർപ്പിച്ചു. ചെങ്കോട്ടയിൽ പതാക ഉയർത്തിയ മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്ത്യയിലെ നൂറ്റിനാല്‍പ്പത് കോടി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നുവെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. രാജ്യത്തിനായി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരവർപ്പിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇപ്പോള്‍ ജനസംഖ്യയിലും മുന്നിലാണ്. ഇത്രയും വലിയ കുടുംബത്തിലെ 140 കോടി അംഗങ്ങളും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. മണിപ്പൂരില്‍ സമാധാനം വേണമെന്നും പ്രധാനമന്ത്രി പ്രസംഗമധ്യേ പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് രാജ്യം. മണിപ്പൂർ സമാധാന പാതയിലേക്ക് തിരികെ വരുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ ചേർന്ന് സമാധാനം പുനസ്ഥാപിക്കാൻ സഹകരിച്ച് പ്രവർത്തിക്കുന്നു. വികസിത ഇന്ത്യ ലോകത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. ജനാധിപത്യവും ജനസംഖ്യയും വൈവിധ്യവുമാണ് ഇന്ത്യയുടെ ശക്തി. നഷ്ടപ്രതാപം ഇന്ത്യ വീണ്ടെടുക്കും.
ഇപ്പോഴത്തെ ചുവടുകള്‍ക്ക് ആയിരം വര്‍ഷത്തോളം സ്വാധീനം ചെലുത്താൻ കഴിയും. ഇന്ത്യയിലെ യുവാക്കള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും. ലോകത്തെ സാങ്കേതിക വിപ്ലവത്തില്‍ ഇന്ത്യ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഗ്രാമങ്ങളില്‍ നിന്ന് കഴിവുറ്റ കായികതാരങ്ങള്‍ ഉയർന്നുവരുന്നു. കയറ്റുമതിയില്‍ ഇന്ത്യ വലിയ നേട്ടം കൈവരിക്കുന്നുണ്ട്. കൊവിഡിന് ശേഷം ലോകരാജ്യങ്ങള്‍ തമ്മില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നുണ്ട്. 2014 ല്‍ ജനങ്ങള്‍ സ്ഥിരതയുള്ള സർക്കാരിനായി വോട്ട് ചെയ്തു. ഈ സർക്കാരിന് രാജ്യമാണ് പ്രഥമ പരിഗണന. സമഗ്രമാറ്റമാണ് സർക്കാർ നടപ്പാക്കുന്നത്. സാന്പത്തിക ശക്തിയില്‍ പത്താം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ ഉയർന്നുവെന്നും മോദി പറഞ്ഞു.