കൊച്ചി: മലയാളി സംരംഭകർ വ്യോമയാന മേഖലയിലേക്ക് ചുവട് വയ്ക്കുമ്പോൾ മലയാളികൾക്ക് പ്രതീക്ഷകളേറെ. ആദ്യ ഘട്ടമായി ആഭ്യന്തര സർവ്വീസിൽ സാന്നിധ്യം അറിയിക്കുകയാണ് എയർ കേരള വിമാന കമ്പനി. ആദ്യഘട്ടത്തിൽ അഞ്ച് വിമാനങ്ങൾ വാടകയ്ക്കെടുത്ത്, പ്രവാസി മലയാളികളുടെ സംരംഭമായ എയർ കേരള ഒരുക്കങ്ങൾ പൂർത്തിയാക്കി.
രാജ്യത്തെ ചെറിയ നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചുള്ള ആഭ്യന്തര സർവീസുകൾക്ക് ശേഷം 2027ൽ രാജ്യാന്തര സർവീസ് തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കും സമയ ബന്ധിതമായ സർവീസും, എയര്‍ കേരളയില്‍ മലയാളികൾക്ക് പ്രതീക്ഷകളേറെയാണ്. 76 സീറ്റുകൾ ഉള്ള വിമാനങ്ങളാണ് ആദ്യഘട്ടത്തിൽ സർവീസിനായി ഉപയോഗിക്കുക.
എല്ലാം എക്കണോമി ക്ലാസുകൾ ആയിരിക്കും. അയർലൻഡിൽ നിന്ന് അഞ്ച് വിമാനങ്ങൾ എത്തിക്കാൻ കരാർ ഒപ്പിട്ടു. ജൂണിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി സർവ്വീസ് തുടങ്ങാനാണ് ലക്ഷ്യം. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് സംരംഭം വലിയ സാധ്യതകൾ തുറക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നിരക്കിലും കരുതലുണ്ടാകുമോ എന്നാണ് വലിയ ആകാംക്ഷ. സെറ്റ്ഫ്ലൈ എവിയേഷൻസ് ആണ് എയർ കേരള എന്ന പേരിൽ വിമാന സർവീസ് തുടങ്ങുന്നത്. 20 എയർക്രാഫ്റ്റുകൾ ഘട്ടം ഘട്ടമായി എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. വിമാന കമ്പനിയുടെ ഹബ്ബ് ആയി കൊച്ചി വിമാനത്താവളത്തെ ചെയർമാൻ അഫി അഹമ്മദ് പ്രഖ്യാപിച്ചു.
2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പ്രവർത്തനം ആരംഭിക്കുമെന്ന് എയർകേരള ചെയർമാൻ അഫി അഹമ്മദും കിയാൽ എംഡി സി ദിനേഷ് കുമാറും വിമാനത്താവളത്തിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ എയർ കേരള സിഇഒ ഹരീഷ് കുട്ടിയും കിയാൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വനി കുമാറും ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.