കാനഡയില്‍ പഠിക്കുന്ന 700 ഓളം ഇന്ത്യൻ വിദ്യാര്‍ഥികളെ നാട്ടിലേക്ക് തിരിച്ചയക്കാൻ കനേഡിയൻ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.
വ്യാജരേഖ ചമച്ചാണ് ഈ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയതെന്നാണ് ആരോപണം. അതേസമയം, കനേഡിയൻ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യൻ വിദ്യാര്‍ഥികള്‍ മെയ് 29 മുതല്‍ ധര്‍ണ നടത്തുകയാണ്. കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജൻസിയുടെ ആസ്ഥാനത്തിന് മുന്നിലാണ് സമരം. തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തട്ടിപ്പിന് ഇരകളാവുകയായിരുന്നുവെന്നും ഇന്ത്യൻ വിദ്യാര്‍ഥികള്‍ പറയുന്നു.
കനേഡിയൻ കോളേജില്‍ പ്രവേശനം നേടിയ പഞ്ചാബ് വിദ്യാര്‍ഥി ലവ്പ്രീത് സിംഗിനെ ജൂണ്‍ 13 ന് നാടുകടത്തുമെന്നാണ് വിവരം. താമസിയാതെ ഒരു ഡസനോളം വിദ്യാര്‍ഥികളെ കൂടി ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കാനഡയില്‍ പഠിക്കുന്ന ഇന്ത്യൻ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കൂടുതലും പഞ്ചാബില്‍ നിന്നാണ്. ഓരോ വര്‍ഷവും ഏകദേശം 2.5 ലക്ഷം ഇന്ത്യൻ വിദ്യാര്‍ഥികള്‍ മറ്റ് രാജ്യങ്ങളിലേക്ക് പഠിക്കാൻ പോകുന്നു, അതില്‍ വലിയൊരു വിഭാഗം പഞ്ചാബി വിദ്യാര്‍ഥികളാണ്.
അതിനിടെ, പഞ്ചാബിലെ 700 ഇന്ത്യൻ വിദ്യാര്‍ഥികളുടെ പ്രശ്നം പരിഹരിക്കണമെന്ന് പഞ്ചാബ് എൻആര്‍ഐ കാര്യ മന്ത്രി കുല്‍ദീപ് സിംഗ് ധലിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇവരെല്ലാം കാനഡയില്‍ ഇമിഗ്രേഷൻ തട്ടിപ്പില്‍ കുടുങ്ങി നാടുകടത്തല്‍ കേസുകള്‍ നേരിടുന്നവരാണ്. വിദ്യാര്‍ഥികളെ നാടുകടത്തരുതെന്നും അവരുടെ വിസ പരിഗണിച്ച് വര്‍ക്ക് പെര്‍മിറ്റ് നല്‍കണമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് അയച്ച കത്തില്‍ ധലിവാള്‍ ആവശ്യപ്പെട്ടു.
ഇതോടൊപ്പം, വിദ്യാര്‍ഥികളെ കബളിപ്പിക്കുന്ന ട്രാവല്‍ ഏജന്റുമാരെ ശിക്ഷിക്കാൻ പഞ്ചാബ് സര്‍ക്കാരുമായി കേന്ദ്രം സഹകരിക്കണമെന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യര്‍ത്ഥിച്ചു. മനുഷ്യക്കടത്ത് സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാൻ ഇത്തരം കേസുകളില്‍ നിയമം കര്‍ശനമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തേക്ക് പോകുന്നതിനോ കുട്ടികളെ പഠനത്തിന് അയക്കുന്നതിനോ മുമ്ബ് കോളജിന്റെ വിശദാംശങ്ങളും ട്രാവല്‍ ഏജന്റിന്റെ രേഖകളും പരിശോധിക്കണമെന്ന് ധലിവാള്‍ പഞ്ചാബിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.