തീര്‍ത്ഥാടക സംഘത്തിലെ ആറ് മലയാളികളെ ഇസ്രായേലില്‍ കാണാതായതായി പരാതി. അഞ്ചു സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേരെയാണ് കാണാതായത്. യാത്രയ്ക്ക് നേതൃത്വം നല്‍കിയ നാലാഞ്ചിറയിലുള്ള പുരോഹിതനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ബത്ലഹേമിൽ നിന്ന് കാണാതായ ആറുപേരിൽ അഞ്ചു പേരും സ്ത്രീകളാണ്.
ഈജിപ്ത്, ഇസ്രായേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലായിരുന്നു യാത്ര. 14, 15 തീയതികളില്‍ താമസ സ്ഥലത്തുനിന്നുമാണ് മലയാളികള്‍ അപ്രത്യക്ഷരായതെന്നാണ്റിപ്പോര്‍ട്ട്. ഇവരുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ ഹോട്ടലിൽ നിന്ന് കണ്ടെത്തി. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ഹോട്ടലിലെത്തി ഇസ്രായേല്‍ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.
ഈ മാസം എട്ടിനാണ് സംഘം കേരളത്തില്‍ നിന്ന് യാത്ര തിരിച്ചത്. തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സി വഴിയായിരുന്നു യാത്ര. ഇസ്രായേലില്‍ നൂതന കൃഷി രീതികള്‍ പഠിക്കാന്‍ പോയ കര്‍ഷക സംഘത്തിലെ ഒരാളെ കാണാതായതിന് പിന്നാലെയാണ് പുതിയ സംഭവം പുറത്തുവന്നിരിക്കുന്നത്. കര്‍ഷക സംഘത്തിലെ ബിജുവിനെ വിസ റദ്ദാക്കി നാട്ടിൽ തിരിച്ചെത്തിക്കാൻ സർക്കാർ ഇസ്രായേൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.