ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരെ കയറ്റാന്‍ മറന്ന സംഭവത്തില്‍ ഗോ ഫസ്റ്റ് എയറിനോട് ഡിജിസിഎ റിപ്പോര്‍ട്ട് തേടി. എയര്‍ലൈന്‍ ബസില്‍ കയറിയ 55 യാത്രക്കാരെ കയറ്റാതെയാണ് വിമാനം പുറപ്പെട്ടത്. ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിലാണ് സംഭവം.
ഫ്‌ളൈറ്റ് ജി 8 116 ആണ് യാത്രക്കാരെ കയറ്റാതെ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. പിന്നീട് 55 യാത്രക്കാരില്‍ 53 പേരെ വേറൊരു വിമാനത്തില്‍ കയറ്റി ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. രണ്ട് യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്തു.
സംഭവത്തില്‍ ധാരാളം പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പരാതിയുമായെത്തി. പ്രധാനമന്ത്രിയുടെയും വ്യോമയാന മന്ത്രിയുടെയും ഓഫീസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഭൂരിഭാഗം പരാതികളും. പ്രതിഷേധവുമായി ധാരാളം പേര്‍ എത്തിയതോടെയാണ് ഡിജിസിഎയുടെ നടപടി. തുടര്‍ന്ന് യാത്രക്കാരെ കയറ്റാതെ പോയതില്‍ വിമാനക്കമ്പനി അധികൃതര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
STORY HIGHLIGHTS: DGCA has sought a report from Go First Air on the incident of forgetting to board passengers.