പാലക്കാട്: ഏറ്റവും അനുകൂലമായ പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ. മുൻസിപ്പൽ പരിധിയിൽ 8,000 മുതൽ 10,000 വരെ വോട്ടുകളുടെ ലീഡ് പ്രതീക്ഷിക്കുന്നുണ്ടെന്നും അത് മറികടക്കാൻ യുഡിഎഫിന് കഴിയില്ലെന്നും അദ്ദേഹം നമസ്തേ കേരളത്തിൽ പറഞ്ഞു. യുഡിഎഫിന് അകത്തും അടിയൊഴുക്ക് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ യുഡിഫിന് ലഭിച്ച ഇടത് വോട്ടുകൾ ഇത്തവണ യുഡിഎഫിന് കിട്ടില്ല. 50,000 വോട്ടുകൾ വരെ എൻഡിഎയ്ക്ക് ലഭിക്കുമെന്നും 5,000ത്തിന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണാടിയിലും മാത്തൂരും ഒന്നാം സ്ഥാനത്തോ അല്ലെങ്കിൽ രണ്ടാം സ്ഥാനത്തോ എൻഡിഎ വരുമെന്ന് സി.കൃഷ്ണകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പിരായിരിയിൽ രണ്ടാം സ്ഥാനം ഉറപ്പാണ്. കൽപ്പാത്തിയിൽ എല്ലാക്കാലത്തും ഉണ്ടാകുന്ന പോളിംഗാണ് ഇത്തവണയും നടന്നത്. പാലക്കാട് നഗരസഭയിൽ മികച്ച ഭൂരിപക്ഷം നേടും. 5,000ത്തിൽ കൂടുതൽ വോട്ട് പിടിക്കുമെന്നും ഇത്തവണ 55,000ത്തോളം വോട്ടുകൾ ലഭിക്കുമെന്നും പറഞ്ഞ അദ്ദേഹം എൽഡിഎഫിന് 38,000 മുതൽ 40,000 വോട്ടുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നും അഭിപ്രായപ്പെട്ടു.
ബിജെപിയ്ക്കും എൻഡിഎയ്ക്കും ലഭിക്കേണ്ട വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സി.കൃഷ്ണകുമാർ പറഞ്ഞു. പോളിംഗ് ശതമാനം കുറഞ്ഞാലും സ്വന്തം വോട്ടുകൾ ഉറപ്പിക്കാനായി. നഗരസഭയിലെ പോളിംഗ് ശതമാനത്തിലുണ്ടായ വർധനവും കഴിഞ്ഞ തവണ ഇ.ശ്രീധരനെതിരെ യുഡിഎഫിന് ലീഡ് നേടിക്കൊടുത്ത പിരായിരി പഞ്ചായത്തിലെ വോട്ടിംഗിലുണ്ടായ കുറവും എൻഡിഎയ്ക്ക് സഹായകമാകും. ഓളമുണ്ടാക്കാതെ, നിശബ്ദമായി, കൃത്യമായ പ്രചാരണമാണ് ഇത്തവണ നടത്തിയതെന്നും 10,000ലധികം വീടുകൾ സന്ദർശിച്ച് വോട്ടർമാരെ കണ്ടത് ഗുണമായെന്നും സി.കൃഷ്ണകുമാർ വ്യക്തമാക്കി.