ചെന്നൈ: കഴിഞ്ഞ വർഷമാണ് ഡോക്ടറാണെന്ന വ്യാജേന 27 ഓളം സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച യുവാവ് പിടിയിലാകുന്നത്. ഇപ്പോഴിതാ നേരെ തിരിച്ച് നിരവധി പുരുഷന്മാരെ വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ച യുവതിയുടെ വാർത്തയാണ് പുറത്ത് വരുന്നത്. തമിഴ്നാട്ടിലെ മൈലാപ്പൂർ സ്വദേശിയായ മഞ്ജുള എന്ന 40 കാരിയാണ് ഡോക്ടർ, ബിസിനസുകാരൻ, എഞ്ചിനീയർ തുടങ്ങി നിരവധി വമ്പന്മാരെ സോഷ്യൽ മീഡിയയിലൂടെ വശീകരിച്ച് പറ്റിച്ചത്.
വിവാഹിതയായ മഞ്ജുള സോഷ്യൽ മീഡിയയിലൂടെയാണ് ഇരകളെ കെണിയിലാക്കിയത്. വ്യവസായിയായ സതീഷ്കുമാർ നല്കിയ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് മഞ്ജുളയുടെ തട്ടിപ്പിനെക്കുറിച്ച് പുറംലോകമറിയുന്നത്. സതീഷ് കുമാറിനെയും മഞ്ജുള സോഷ്യൽ മീഡിയയിലൂടെയാണ് പരിചയപ്പെടുന്നത്. മൈലാപ്പൂരിൽ ഒരു സ്ഥാപനം നടത്തി വരികയാണെന്നായിരുന്നു ഇവർ ബിസിനസുകാരനോട് പറഞ്ഞിരുന്നത്. പിന്നീട് ഫോണ്‍ നമ്പരുകള്‍ കൈമാറി. വാട്ട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി. യുവതി തന്റെ നിരവധി ചിത്രങ്ങളും അയച്ച് തന്നിരുന്നതായി വ്യവസായി നൽകിയ പരാതിയിൽ പറയുന്നു.
ഇതിനിടെ യുവതി വ്യവസായിയോട് പണം ചോദിച്ചു. പിന്നീട് സതീഷ്കുമാറിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപകീർത്തികരമായ രീതിയിൽ പോസ്റ്റുചെയ്തു. ഇതോടെയാണ് സതീഷ് ചതി മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നല്‍കുകയായിരുന്നു. സതീഷ് കുമാറിനെ കൂടാതെ ഒരു ഡോക്ടർ, ഒരു ബിസിനസുകാരൻ, ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ, ഒരു സ്വകാര്യ സ്ഥാപനത്തിന്റെ മാർക്കറ്റിംഗ് മേധാവി എന്നിവരുൾപ്പെടെ നിരവധി പുരുഷന്മാരെ യുവതി വശീകരിച്ച് കെണിയിൽപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പൊലീസ് കേസെടുത്തോടെ മഞ്ജുള ഒളിവിൽ പോയിരിക്കുകയാണ്. യുവതിക്കെതിരെ ചെന്നൈയിലെ മൂന്ന് പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സതീഷ്കുമാറിന്റെ പരാതിയെത്തുടർന്ന് ഐടി ആക്ട് പ്രകാരം സൈബർ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, മഞ്ജുളയുടെ തട്ടിപ്പ് പുറത്തുവന്നതോടെ ഭർത്താവും മകളും അവർക്കെതിരെ പരാതി നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പ്രതിക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും ഉടനെ പിടികൂടാനാകുമെന്നും പൊലീസ് പറഞ്ഞു.