പുന്നമ്മൂട്: മാവേലിക്കരയില്‍ 4 വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്ന് പൊലീസ്. പുനര്‍ വിവാഹം നടക്കാത്തതില്‍ മഹേഷ് നിരാശനായിരുന്നുവെന്നും എന്നാല്‍ സ്വന്തം മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് വിശദമാക്കി. മകന്റെ ആക്രമണത്തില്‍ പരിക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തിട്ടുണ്ട്. പ്രതിയെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും.
ഇന്നലെയാണ് മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെന്ന നാല് വയസുകാരിയെ 38കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീ മഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി ഇയാളെ കീഴ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വൈകിട്ട് ഏഴരയോടെയായിരുന്നു അതിക്രമം.വിദേശത്തായിരുന്നു ശ്രീ മഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനുശേഷം ആണ് നാട്ടിലെത്തിയത്. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. പുനർവിവാഹത്തിനായി ശ്രമിച്ചിരുന്ന ശ്രീ മഹേഷിന്റെ വിവാഹം ഒരു വനിതാ കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നു. എന്നാൽ അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ ഈ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.