കണ്ണൂർ: പാറക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനമെന്ന് അന്വേഷണോദ്യോഗസ്ഥൻ കാർത്തിക് ഐപിഎസ്. കുഞ്ഞിൻ്റെ മാതാപിതാക്കളുടെ മൊഴിയെടുത്തുവെന്നും മരണകാരണം പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് പറഞ്ഞു. കുഞ്ഞ് മരിച്ചതിന് ശേഷം ആരെങ്കിലും കിണറ്റിൽ കൊണ്ടിട്ടതാണോ, വെള്ളത്തിൽ മുങ്ങിമരിച്ചതാണോ എന്നതിലും അന്വേഷണം നടക്കും. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.
ജ്യേഷ്ഠൻ്റെ മകളായ 12 വയസ്സുകാരിയാണ് കുഞ്ഞിനെ കാണുന്നില്ലെന്ന് ആദ്യം അറിഞ്ഞത്. പാപ്പിനിശ്ശേരിയിൽ ഇന്നലെ രാത്രിയാണ് 4മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശികളായ അക്കമ്മൽ- മുത്തു ദമ്പതികളുടെ മകൾ യാസികയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്നതാണ് കുഞ്ഞെന്നാണ് അച്ഛനും അമ്മയും പറയുന്നത്. വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കൂലിപ്പണിക്കാരാണ് ഇവർ. കുട്ടിയുടെ മൃതദേഹം കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.