പറ്റ്ന: ബിഹാറില്‍ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണത് ദേശീയതലത്തിൽ ചർച്ചയാകുന്നു. 1700 കോടി രൂപ ചെലവിൽ നിർമിക്കുന്ന നാലുവരിപ്പാലം രണ്ടാം തവണവും തകർന്നുവീണതോടെ വൻവിവാദമായി. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗല്‍പൂരിലെ അഗുവാനി – സുല്‍ത്താന്‍ഗഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണത്. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം. സുൽത്താൻഗഞ്ച്-ഖഗോരിയ ജില്ലകളെ ബന്ധിപ്പിക്കാനായാണ് 1717 കോടി രൂപ വിനിയോഗിച്ച് പാല നിർമാണം ആരംഭിച്ചത്. എന്നാൽ, നിർമാണം തുടങ്ങ് എട്ട് വർഷമായിട്ടും പൂർത്തിയായില്ലെന്ന് മാത്രമല്ല, ഒരു വർഷത്തിനിടെ രണ്ട് തവണ തകർന്നുവീഴുകയും ചെയ്തു. 2015 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. മുമ്പ് 2022ലാണ് പാലത്തിന്റ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു. കൊടുങ്കാറ്റ് വീശിയതാണ് പാലം തകരാൻ കാരണമെന്നാണ് അന്ന് പറഞ്ഞത്.
പാലം തകർന്നുവീണതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. നിർമ്മാണത്തിലിരിക്കുന്ന അഗുവാനി-സുൽത്താൻഗഞ്ച് പാലത്തിന്റെ 4-5 തൂണുകൾ തകർന്നതായി വിവരം ലഭിച്ചു. ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഭഗൽപൂർ ജില്ലാ മജിസ്ട്രേറ്റ് സുബ്രത് കുമാർ സെൻ പറഞ്ഞതായി വാർത്താഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. .