ചണ്ഡിഗഡ്: അനധികൃതമായി കുടിയേറാൻ ശ്രമിച്ചതിന് പിന്നാലെ അമേരിക്ക സൈനിക വിമാനങ്ങളിൽ തിരിച്ചയച്ചവരിൽ രണ്ട് പേർ കൊലപാതകക്കേസിൽ പിടിയിലായി. അമേരിക്ക സൈനിക വിമാനങ്ങളിൽ തിരികെ അയച്ച 117 അനധികൃത കുടിയേറ്റക്കാരിൽ ബന്ധുക്കളായി രണ്ട് യുവാക്കളാണ് പഞ്ചാബിൽ അറസ്റ്റിലായിത്. സന്ദീപ് സിംഗ് ബന്ധുവായ പ്രദീപ് സിംഗ് എന്നിവരെ പട്ട്യാലയിൽ നടന്ന കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്നവരായിരുന്നുവെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
2023ൽ രാജ്പുരയിൽ വച്ചായിരുന്നു കൊലപാതകം നടന്നത്. ഇവരെ അമൃത്സറിലെ ശ്രീ ഗുരു രാം ദാസ് അന്തർദേശീയ വിമാനത്താവളത്തിൽ നിന്ന് പട്ട്യാല പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം അടക്കമുള്ള കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇവരെ അമേരിക്കയിലെത്തിക്കാനായി 1.20 കോടി രൂപയോളം ചെലവ് വന്നതായാണ് കുടുംബം ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ശനിയാഴ്ചയാണ് ഇവർ രണ്ട് പേരെയും രാജ്പുര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിൽ നിന്ന് പാഠം പഠിക്കണമെന്നും അനധികൃത വഴികളിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് എത്തി സുഖമായി ജീവിക്കാമെന്നുമുള്ള ധാരണ മനസിൽ നിന്ന് നീക്കണമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ഭാഗ്വാന്ത് സിംഗ് മൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
മറ്റൊരു സംഭവത്തിൽ ഫെബ്രുവരി 17 ന് എത്തിയ സൈനിക വിമാനത്തിൽ നിന്ന് മറ്റ് രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. 2021ൽ മാല പൊട്ടിക്കൽ കേസിൽ പൊലീസ് തിരയുന്ന ലുധിയാന സ്വദേശിയായ ഗുർവീന്ദർ സിംഗ് എന്നയാളെയാണ് കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട്. എന്നാൽ പൊലീസ് നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് 26കാരന്റെ കുടുംബം വിശദമാക്കുന്നത്. കുരുക്ഷേത്രയിലെ ഫിയോവ സ്വദേശിയായ സാഹിൽ വർമയാണ് അറസ്റ്റിലായ മറ്റൊരാൾ. ഹരിയാന പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2022 മെയ് മാസത്തിൽ പീഡിപ്പിച്ചതിനാണ് അറസ്റ്റ്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിയറ്റ്നാമിലേക്കും ഇവിടെ നിന്ന് ഇറ്റലിയിലേക്കും പിന്നീട് മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്കും ഇയാൾ എത്തുകയായിരുന്നു. ജനുവരി 25നാണ് ഇയാളെ യുഎസ് ബോർഡർ പട്രോൾ സംഘം അറസ്റ്റ് ചെയ്തത്.