ബോഗോട്ട : കൊളംബിയയിലെ ആമസോണ്‍ വനത്തില്‍ മേയ് 1നുണ്ടായ വിമാനാപകടത്തെ അത്ഭുതകരമായി അതിജീവിച്ച നാല് കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി ബന്ധുക്കള്ക്കിടെയില് തര്‍ക്കം.
മേയ് ഒന്നിനായിരുന്നു ഹുയിറ്റോറ്റോ ഗോത്ര വിഭാഗത്തില്‍പ്പെട്ട മഗ്ദലീന മകൂറ്റൈ വാെലെൻഷ്യ (33), മക്കളായ ലെസ്ലി ജാക്കോബോംബെയ്ര് ( 13 ), സോളിനി ( 9 ), ടിയൻ ( 4 ) ക്രിസ്റ്റിൻ (1) എന്നിവര്‍ സഞ്ചരിച്ച ചെറുവിമാനം തകര്‍ന്നത്.
മഗ്ദലീന അടക്കം മൂന്ന് യാത്രികര്‍ കൊല്ലപ്പെട്ടപ്പോള്‍ കുട്ടികള്‍ മാത്രം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. 40 ദിവസം വനത്തില്‍ അലഞ്ഞ ഇവരെ നീണ്ട തെരച്ചിലിനൊടുവില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊളംബിയൻ സൈന്യം കണ്ടെത്തിയത്. കുട്ടികള്‍ നിലവില്‍ ആശുപത്രിയില്‍ സുഖം പ്രാപിക്കുകയാണ്.
മഗ്ദലീനയുടെ ഭര്‍ത്താവ് മാനുവല്‍ മില്ലര്‍ റനോക്കിനൊപ്പം കുട്ടികളെ അയക്കരുതെന്നും ഇയാള്‍ കുട്ടികളെ ഉപദ്രവിക്കുമെന്നുമാണ് ബന്ധുക്കളുടെ ആരോപണം. മഗ്ദലീനയുടെ ആദ്യ വിവാഹത്തിലുള്ള മക്കളാണ് മൂത്തവരായ ലെസ്ലിയും സോളിനിയും. കുട്ടികളുടെ സംരക്ഷണം ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാൻ കൊളംബിയൻ ചൈല്‍ഡ് പ്രൊട്ടക്ഷൻ ഏജൻസി കുടുംബാംഗങ്ങള്‍ക്കിടെയില്‍ അന്വേഷണം തുടരുകയാണ്.
മാനുവല്‍ മഗ്ദലീനയെ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നതായും ഇത് കണ്ട് ഭയപ്പെടുന്ന കുട്ടികള്‍ കാട്ടിലൊളിക്കുമായിരുന്നെന്നും മഗ്ദലീനയുടെ പിതാവ് നാര്‍സിസോ മകൂറ്റൈ പറയുന്നു. മാനുവലുമായി ബന്ധപ്പെട്ട് നിരവധി കുടുംബ പ്രശ്നങ്ങളുണ്ടെന്നും അതെല്ലാം ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം, മഗ്ദലീനയുമായി ചിലപ്പോഴൊക്കെ വഴക്കുണ്ടായിട്ടുണ്ടെന്നും മര്‍ദ്ദിച്ച സംഭവങ്ങള്‍ തീരെ കുറവാണെന്നുമാണ് മാനുവല്‍ പറയുന്നത്. ആശുപത്രി അധികൃതര്‍ കുട്ടികളെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഇയാള്‍ പരാതി പറഞ്ഞിരുന്നു. ഗറില്ല പോരാളികളുടെ ഭീഷണിയെ തുടര്‍ന്ന് ഒളിവില്‍ പോയ മാനുവലിന്റെ അടുത്തേക്കു പോകാനുള്ള യാത്രയിലായിരുന്നു വിമാനം തകര്‍ന്നത്.