ബെയ്റൂത്ത്: ദക്ഷിണ ബെയ്റൂത്തിൽ തിങ്കളാഴ്ട ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. 31 പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു. ദക്ഷിണ ബെയ്റൂത്തിലും പരിസര പ്രദേശത്തും 25 സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിലും അറിയിച്ചിരുന്നു. ഹിസ്ബുല്ല കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
ആക്രമണത്തിന് ശേഷം ദക്ഷിണ ലെബനോനിൽ നിന്നുള്ള വിദൂര ദൃശ്യങ്ങൾ ചില വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് ആളുകൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേലി സൈന്യം നേരത്തെ നിർദേശം നൽകിയിരുന്നു. ദക്ഷിണ ലബനോനിലെ രണ്ട് ജില്ലകളിൽ യുദ്ധ വിമാനങ്ങൾ ആക്രമണം നടത്തിയെന്നാണ് ലെബനീസ് മാധ്യമങ്ങളുടെ റിപ്പോർട്ട്. അന്താരാഷ്ട്ര തലത്തിൽ വെടിനിർത്തലിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ഇക്കഴിഞ്ഞ വാരാന്ത്യത്തിലും ഇസ്രയേൽ ലെബനോനിൽ ശക്തമായ ആക്രമണങ്ങൾ നടത്തിയിരുന്നു. ജനസാന്ദ്രതയേറിയ ബസ്ത മേഖലയിൽ ശനിയാഴ്ച നടന്ന ആക്രമണത്തിൽ കുറഞ്ഞത് 29 പേർ കൊല്ലപ്പെട്ടതായാണ് ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
ഹിസ്ബുല്ലയുടെ കമാൻഡ് സെന്ററാണ് തിങ്കളാഴ്ചത്തെ ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്ന് ഇസ്രയേലി സൈന്യം അവകാശപ്പെട്ടു. അതേസമയം ബെയ്റൂത്തിന്റെ സമീപ പ്രദേശങ്ങളിൽ ഒഴിഞ്ഞുപോകാൻ നിർദേശം നൽകാതിരുന്ന മേഖലകളിലും ഇസ്രയേലി ആക്രമണം നടന്നതായും ആളുകൾ താമസിച്ചിരുന്ന കെട്ടിടങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായെന്നും വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പറയുന്നു.