ഒരു തെളിവും അവശേഷിപ്പിക്കാതെ മണ്ണടിഞ്ഞ് പോയ, 3000 വര്‍ഷം പഴക്കമുള്ള ഈജിപ്തിലെ സ്വർണ്ണഖനനം ചെയ്തിരുന്ന നഗരം പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. ഒരുകാലത്ത് ഈജിപ്തിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന കേന്ദ്രമായിരുന്നു ഈ സ്വർണ്ണ ഖനന സംസ്കാരണ കേന്ദ്രമെന്ന് പുരാവസ്തു ഗവേഷകർ അവകാശപ്പെട്ടു. ‘നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ നഗരം’ എന്നറിയപ്പെടുന്ന ഈ സ്ഥലം ആദ്യമായി കണ്ടെത്തിയത് 2021-ലാണ്. ഈജിപ്തിലെ ചെങ്കടൽ മേഖലയിലെ മാർസ ആലമിന് തെക്ക് – പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജബൽ സുകാരിയിലെ ഈ പ്രദേശം ബിസി 1000-ഓടെ ഒരു പ്രധാന സ്വർണ്ണ ഖനന കേന്ദ്രമായി ഉയർന്നിരുന്നതായി ഗവേഷകര്‍ അവകാശപ്പെട്ടു.
ജബൽ സുകാരിയില്‍ 1000 ബിസിയില്‍ തന്നെ ക്വാർട്സ് പാറയിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യ പ്രയോഗത്തിലെത്തിയിരുന്നു. ഇത് ഈജിപ്തിനെ അക്കാലത്തെ ഏറ്റവും സമ്പന്നമായ നാഗരികതകളിൽ ഒന്നാക്കി മാറ്റി. സമീപ വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നാണ് ഈ കണ്ടെത്തലെന്ന് സുപ്രീം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസിന്റെ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ഇസ്മായിൽ ഖാലിദ് അഭിപ്രായപ്പെട്ടു.
സ്വർണ്ണ സംസ്കരണ കേന്ദ്രങ്ങളുടെ അവശിഷ്ടങ്ങളും ഖനന പ്രദേശത്ത് നിന്നും കണ്ടെത്തി. അതിൽ സ്വർണ്ണം ഉരുക്കാൻ ഉപയോഗിക്കുന്ന ഗ്രൈൻഡിംഗ് സ്ഥലങ്ങൾ, ഫിൽട്രേഷനുള്ള പാത്രങ്ങൾ, കളിമൺ ചൂളകൾ എന്നിവ ഉൾപ്പെടുന്നു. ഈജിപ്തില്‍ അക്കാലത്ത് തന്നെ സ്വർണ്ണ ഖനനം ഭരണകൂടത്തിന് കീഴിലുള്ള സുസംഘടിതമായ ഒരു വ്യവസായമായിരുന്നുവെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. പ്രദേശത്ത് നിന്നും 600 -ല്‍ അധികം മണ്‍പാത്രങ്ങളിലും കല്ലിലും എഴുതിയ ലിഖിതങ്ങൾ കണ്ടെത്തി. ഹൈറോഗ്ലിഫിക്, ഡെമോട്ടിക്, ഗ്രീക്ക് ലിപികളിലുള്ള ഈ ലിഖിതങ്ങൾ ഖനനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കുന്നു.
ടോളമൈക് കാലഘട്ടത്തിലെ നാണയങ്ങളും ഗ്രീക്കോ-റോമൻ കാലഘട്ടത്തിലെ ടെറാക്കോട്ട പ്രതിമകളും ഈ സ്ഥലം നൂറ്റാണ്ടുകളായി സജീവമായിരുന്നുവെന്നതിന്റെ തെളിവാണ്. കൂടാതെ വിലയേറിയ രത്നങ്ങളും അലങ്കാര വസ്തുക്കളും കണ്ടെത്തി. ഇത് പ്രദേശത്ത് അക്കാലത്ത് വൈദഗ്ധ്യമുള്ള കരകൌശല വിദഗ്ദർ ജീവിച്ചിരുന്നതിന്റെ തെളിവാണ്. കഠിനമായ മരുഭൂമിയിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കാൻ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച പുരാതന ഈജിപ്ഷ്യൻ ഖനിത്തൊഴിലാളികൾ സാങ്കേതികമായി എത്രത്തോളം പുരോഗമിച്ചിരുന്നുവെന്നതിന് തെളിവാണ് ഈ പ്രദേശം. വെറുമൊരു സ്വർണ്ണ ഖനനകേന്ദ്രം എന്നതിന് അപ്പുറം പ്രദേശം ഒരു സ്വർണ്ണ സംസ്കാരണ കേന്ദ്രം കൂടിയായിരുന്നു ഇവിടം. പ്രദേശത്ത് സ്വർണ്ണാഭരണ ശാലയ്ക്കൊപ്പം ക്ഷേത്രങ്ങൾ, ഭരണ കേന്ദ്രങ്ങൾ, താമസ സ്ഥലങ്ങൾ, എന്നിവയ്ക്കുള്ള കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഗവേഷകര്‍ കണ്ടെത്തി.