ജക്കാർത്ത: കപ്പലിൽ 106 കിലോ മയക്കുമരുന്ന്. ഇന്തോനേഷ്യയിൽ 3 ഇന്ത്യക്കാർക്ക് വധശിക്ഷ. സിംഗപ്പൂരിൽ നിന്ന് വന്ന കപ്പലിൽ നിന്ന് വലിയ അളവിൽ ഇന്തോനേഷ്യയിൽ മാരക മയക്കുമരുന്ന് പിടികൂടിയത് 2024 ജൂലൈ മാസത്തിലാണ്. കപ്പലിൽ നിന്ന് പിടികൂടിയ 3 ഇന്ത്യക്കാർ വധശിക്ഷ നേരിടേണ്ടി വരുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 106 കിലോ ക്രിസ്റ്റൽ മെത്താണ് ഇന്ത്യക്കാരുടെ കയ്യിൽ നിന്ന് കണ്ടെത്തിയത്.
38 കാരനായ രാജു മുത്തുകുമാരൻ, 34കാരനായ സെൽവദുരൈ ദിനകരൻ, 45കാരനായ ഗോവിന്ദസ്വാമി വിമൽകാന്തൻ എന്നിവർക്കാണ് വധശിക്ഷ നേരിടേണ്ടി വരിക എന്നാണ് റിപ്പോർട്ട്. സിംഗപ്പൂരിൽ കപ്പൽ വ്യവസായ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. ലെജൻഡ് അക്വാരിസ് എന്ന കാർഗോ കപ്പലിൽ നിന്നാണ് വലിയ അളവിൽ മെത്ത് പിടികൂടിയത്. സിംഗപ്പൂരിൽ നിന്ന് ഏറെ അകലെ അല്ലാത്ത പൊങ്കറിൽ വച്ചാണ് കപ്പൽ ഇന്തോനേഷ്യൻ അധികൃതർ പരിശോധിച്ചത്.
കോടതിയിൽ ജീവനക്കാർക്ക് അനുകൂലമായി മൊഴി നൽകുമെന്ന് വിലയിരുത്തിയിരുന്ന കപ്പലിന്റെ ക്യാപ്റ്റൻ സാക്ഷി പറയാൻ എത്തുക കൂടി ചെയ്യാതിരുന്നതാണ് ഇവർക്ക് വെല്ലുവിളിയായിട്ടുള്ളത്. മാർച്ച് 14ന് ആയിരുന്നു ക്യാപ്റ്റൻ കോടതിയിൽ സാക്ഷി പറയേണ്ടിയിരുന്നത്. കോടതിയിൽ സൂം മുഖേന സാന്നിധ്യം അറിയിച്ച ക്യാപ്റ്റൻ ക്രോസ് എക്സാമിനേഷൻ ചെയ്യാനും സാധിച്ചിരുന്നില്ല. കപ്പൽ ജീവനക്കാരുടെ നിരപരാധിത്വം തെളിയിക്കാൻ ക്യാപ്റ്റന്റെ മൊഴി കൂടിയേ തീരുവെന്നാണ് പ്രതിഭാഗം വിശദമാക്കുന്നത്.
ഇന്തോനേഷ്യൻ നിയമം അനുസരിച്ച് പരമാവധി ശിക്ഷയായ വധശിക്ഷയാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ അഭിഭാഷകനാണ് കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായിട്ടുള്ളത്. ക്യാപ്റ്റന്റെയോ ജീവനക്കാരുടെ അറിവില്ലാതെ ഇത്രയധികം അളവിൽ മയക്കുമരുന്ന് കപ്പലിൽ എത്തില്ലെന്നാണ് പ്രോസിക്യൂട്ടർ വാദിക്കുന്നത്.