റാഞ്ചി: മരണത്തെ ഏറ്റവുമടുത്ത് കണ്ട ജീവിതത്തിലെ ഏറ്റവും ദൈർഘ്യമുള്ള മൂന്ന് മണിക്കൂറുകളായിരുന്നു ഇന്ത്യയിൽ വച്ച് കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനേക്കുറിച്ച് സ്പാനിഷ് ട്രാവൽ ബ്ലോഗർ. ബൈക്കില് നടത്തുന്ന ലോകസഞ്ചാരത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയപ്പോഴാണ് യുവതിയും ഭർത്താവും ക്രൂരമായി ആക്രമിക്കപ്പെട്ടതും ഇവരെ കൊള്ളയടിച്ച സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതും. മാർച്ച് മാസത്തിലായിരുന്നു സംഭവം. ബുധനാഴ്ച ഇവരുടെ യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് തങ്ങൾക്ക് നേരിട്ട ദുരനുഭവത്തേക്കുറിച്ച് യുവതിയുടെ ഭർത്താവ് വിശദമാക്കിയത്.
അന്നേ ദിവസത്തെ യാത്രയ്ക്ക് ശേഷം ക്യാംപ് ചെയ്യാനൊരുങ്ങുമ്പോൾ പരിചയപ്പെട്ട അക്രമികളിലൊരാളെ 59 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണിക്കുന്നുണ്ട്. ദുരന്ത കഥയ്ക്ക് അവസാനം ആകട്ടെ എന്ന പേരിലാണ് വീഡിയോ അപ്ലോഡ് ചെയ്തിട്ടുള്ളത്. ലോക സഞ്ചാരം തുടരുമെന്നാണ് ദമ്പതികൾ വിശദമാക്കുന്നത്. മരണം അടുത്തെന്ന് തോന്നിയ സമയത്ത് ഒരു പാട് കാര്യങ്ങൾ ഓർമ്മയിലേക്ക് എത്തി. ഇത്തരമൊരു ദുരനുഭവം നിമിത്തം തങ്ങളുടെ ലോകസഞ്ചാരമെന്ന പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകില്ല. ഇത്തരം ഒരു അനുഭവമുണ്ടായാൽ പോലും ധൈര്യത്തോടെ നേരിട്ട് മുന്നോട്ട് പോവണമെന്നും യുവതിയുടെ ഭർത്താവ് വിശദമാക്കുന്നു. കത്തിമുനയിൽ നിർത്തിയ അക്രമി വ്ലോഗറുടെ 63കാരനായ ഭർത്താവിന്റെ മുഖത്തടക്കം മർദ്ദിച്ചിരുന്നു.
ഭാര്യ രക്ഷപ്പെടുമെന്ന് തോന്നിയിരുന്നില്ല. അവളെ കുറ്റിക്കാട്ടിൽ കണ്ടെത്തിയപ്പോൾ ആശ്വാസം തോന്നി. അവളെ സംരക്ഷിക്കാൻ എന്ത് ചെയ്യണമെന്ന് അറിയാത്ത സാഹചര്യമാണ് നേരിടേണ്ടി വന്നത്. യൂട്യൂബിൽ 2 ലക്ഷം ഫോളോവേഴ്സുള്ള വ്ലോഗരാണ് ഇന്ത്യയിൽ വച്ച് പീഡിപ്പിക്കപ്പെട്ടത്. 5 വർഷമായി വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ശേഷമാണ് 28 കാരിയും ഭർത്താവും ഇന്ത്യയിലെത്തിയത്. ഇഴരെ ആക്രമിച്ച ഏഴംഗ സംഘത്തിലെ നാല് പേരെ പൊലീസ് പിടികൂടിയിരുന്നു.