കാൻബെറ : ഓസ്ട്രേലിയയില്‍ മുതലകള്‍ നിറഞ്ഞ നദിക്കരയില്‍ ഒറ്റയ്ക്ക് മീൻപിടിത്തത്തിന് പോയ മുൻ റേഡിയോ അവതാരകനെ കാണാതായി.
ക്വീൻസ്ലൻഡിന് വടക്ക് കേപ് യോര്‍ക്ക് ഉപദ്വീപിലാണ് സംഭവം. സിഡ്നിയിലെ ‘ 2ജിബി’ റേഡിയോ സ്റ്റേഷനില്‍ ഫിഷിംഗ് ഷോ അവതരിപ്പിച്ചിരുന്ന റോമൻ ബറ്റ്ചാസ്കിയെ ആണ് കാണാതായത്. മത്സ്യങ്ങളെ ചൂണ്ടയിലാക്കുന്നതില് വിദഗ്ദ്ധനായിരുന്ന ഇദ്ദേഹത്തെ ഞായറാഴ്ചയാണ് അവസാനമായി കണ്ടത്. രാവിലെ 8 ഓടെ ഒലിവര്‍ നദിയില്‍ മീൻ പിടിക്കാൻ പോയ റോമൻ ഉച്ചയായിട്ടും തിരിച്ചെത്താതിരുന്നതോടെ സുഹൃത്തുക്കളും ബന്ധുക്കളും പൊലീസിനെ സമീപിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ കാറും ഫിഷിംഗ് റോഡും നദിക്കരയില്‍ കണ്ടെത്തി. കെയ്ൻസ് നഗരത്തില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്ത് റോമൻ പതിവായി എത്താറുണ്ടായിരുന്നു. 60കാരനായ റോമന്‍ പ്രമേഹമുണ്ട്. അതിനാല്‍ വനമേഖല കൂടിയായ ഇവിടെ വച്ച് റോമന്‍ എന്തെങ്കിലും ആരോഗ്യപ്രശ്നം നേരിട്ടോ എന്നും ആശങ്കയുണ്ട്.
റോമനായി ഹെലികോപ്റ്ററുകളെയടക്കം വിന്യസിച്ച് ശക്തമായ തിരച്ചില്‍ തുടരുകയാണ്. മുതലകളുടെ സാന്നിദ്ധ്യം രക്ഷാപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയാണ്. അതേ സമയം, ഓസ്ട്രേലിയയില്‍ ചതുപ്പുനിലങ്ങളിലും ഉപ്പുജല സ്രോതസുകളിലും മുതലകളുടെ ആക്രമണം സാധാരണമാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ വടക്കൻ ക്വീൻസ്ലൻഡിലെ കെന്നഡിസ് ബെൻഡ് തടാകത്തില്‍ മത്സ്യബന്ധനത്തിനെത്തിയ 65കാരനെ മുതല കൊന്നിരുന്നു. ഇദ്ദേഹത്തിന്റെ ശരീര ഭാഗങ്ങള്‍ മുതലയുടെ ഉള്ളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. 1985 മുതലുള്ള കണക്ക് പ്രകാരം ക്വീൻസ്ലൻഡില്‍ മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 13ാമത്തെ വ്യക്തിയായിരുന്നു ഇദ്ദേഹം.