മുംബൈ: 1995-ൽ പുറത്തിറങ്ങിയ കരൺ അർജുൻ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിലൂടെയാണ് മംമ്ത കുല്‍ക്കര്‍ണിയെ സിനിമ ലോകം അറിയുന്നത്. ഇപ്പോള്‍ നീണ്ട 25 വർഷങ്ങൾക്ക് ശേഷം നടി മുംബൈയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
ഈ തിരിച്ചുവരവിന്റെ വീഡിയോ നടി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വളരെ വൈകാരികമായി തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. മംമ്തയുടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ അതിവേഗം വൈറലായി കഴിഞ്ഞു.
ഗ്ലാമര്‍ വേഷങ്ങളിലൂടെ തിളങ്ങിയ നായിക നടിയായിരുന്നു മംമ്ത കുല്‍ക്കര്‍ണി. ഷാരൂഖ് ഖാനും സല്മാന് ഖാനും ഒന്നിച്ച് അഭിനയിച്ച കരണ്‍ അര്ജുന് എന്ന ചിത്രത്തിലെ ഇവരുടെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ 2000ത്തില്‍ ഇന്ത്യ വിട്ട നടി പിന്നീട് 2024ലാണ് മുംബൈയില്‍ തിരിച്ചെത്തുന്നത്. എന്നാല്‍ ഇവര്‍ 2014 ല്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ വന്നിരുന്നു. ഇത്തവണയും കുംഭമേളയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് മംമ്തയുടെ വരവ് എന്നാണ് വിവരം. എന്നാല്‍ മുംബൈയിലെ പരിപാടികള്‍ എന്തെന്ന് വ്യക്തമല്ല.
ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോൾ മുകളിൽ നിന്ന് ഇന്ത്യയെ കാണുമ്പോൾ തനിക്ക് ഗൃഹാതുരത്വം ഉണ്ടായെന്ന് മുംബൈ വിമാനതാവളത്തില്‍ നിന്ന് ഇറങ്ങിയയുടന്‍ ചെയ്ത വീഡിയോയില്‍ മുന്‍കാല നടി പറയുന്നു. നിരവധി ആരാധകരാണ് ഈ പോസ്റ്റിന് അടിയില്‍ മംമ്തയെ വീണ്ടും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നത്.
2015ൽ മയക്കുമരുന്ന് കടത്ത് കേസിൽ മംമ്ത കുല്‍ക്കര്‍ണിയുടെ പേര് ഉയര്‍ന്ന് വന്നിരുന്നു. ഭർത്താവ് വിക്കി ഗോസ്വാമിയുമായി ചേർന്ന് 2000 കോടി രൂപയുടെ മയക്കുമരുന്ന് കാർട്ടലിൽ അവർ പങ്കാളിയാണെന്നാണ് അന്ന് മയുക്കുമരുന്ന് വിരുദ്ധ് ഏജന്‍സി അധികൃതർ ആരോപിച്ചത്.
ഗുരുതരമായ ആരോപണങ്ങൾ എന്നാല്‍ മംമ്ത കുൽക്കർണി നിഷേധിച്ചിരുന്നു. ഇവരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു പിന്നീട് ബോംബെ ഹൈക്കോടതി അവർക്കെതിരായ എഫ്ഐആർ റദ്ദാക്കി, അവർക്ക് ക്ലീൻ ചിറ്റും നൽകി. കേസ് മംമ്തയുടെ ബോളിവുഡ് പ്രതിച്ഛായയെ സാരമായി ബാധിച്ചുവെങ്കിലും ഈ വരവില്‍ ആ കേസിനെക്കുറിച്ച് നടി പ്രതികരിക്കുമോ എന്നാണ് സിനിമ ലോകം ഉറ്റുനോക്കുന്നത്.