ബെർലിൻ: യേശു ക്രിസ്തുവിന്റെ കുട്ടിക്കാലത്തെക്കുറിച്ച് പരാമർശിക്കുന്ന ഏറ്റവും പഴക്കമുള്ള കൈയെഴുത്ത് പ്രതി കണ്ടെടുത്തു. ജർമ്മനിയിലെ ഹാംബർഗ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന കൈയെഴുത്തുപ്രതിയാണ് യേശുക്രിസ്തുവിൻ്റെ ബാല്യകാലത്തിൻ്റെ ആദ്യകാല വിവരണമായി, ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പഴക്കമുള്ളതായി ഗവേഷകർ തിരിച്ചറിഞ്ഞത്. 4-ാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ എഴുതപ്പെട്ടതാണെന്ന് ബെൽജിയത്തിലെ ലീജ് സർവകലാശാലയിലെ പാപ്പൈറോളജിസ്റ്റ് ഗബ്രിയേൽ നോച്ചി മാസിഡോ പറഞ്ഞു. ക്രിസ്തുവിന്റെ കുട്ടിക്കാല ജീവിതം വിവരിക്കുന്ന തോമയുടെ ശൈശവ സുവിശേഷം എന്ന ഗ്രീക്ക് കൃതിയുടെ ഭാഗമാണ് കൈയെഴുത്ത് പ്രതിയെന്നും അദ്ദേഹം പറഞ്ഞു.
1,600 വർഷത്തിലേറെ പഴക്കമുള്ള പാപ്പിറസ് ശകലം, ഹാംബർഗ് കാൾ വോൺ ഒസിറ്റ്സ്കി സ്റ്റേറ്റ് ആൻഡ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ദശാബ്ദങ്ങളായി ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു. എന്നാൽ, മാഡിഡോയും ഡോ. ലാജോസ് ബെർകസും നടത്തിയ പഠനത്തിൽ കൈയെഴുത്ത് പ്രതിയുടെ ഉത്ഭവം കണ്ടെത്തി. വെറും 4 ഇഞ്ച് നീളവും 2 ഇഞ്ച് വീതിയുമുള്ള ചെറിയ ശകലത്തിൽ പുരാതന ഈജിപ്തിൽ നിന്നുള്ള ഗ്രീക്ക് അക്ഷരങ്ങളുടെ പതിമൂന്ന് വരികളാണ് അടങ്ങിയിരുന്നത്. സ്വകാര്യ കത്ത് അല്ലെങ്കിൽ ഷോപ്പിംഗ് ലിസ്റ്റ് പോലെ തോന്നുമെങ്കിലും വിശദമായ പഠനത്തിൽ അങ്ങനെയല്ലെന്ന് വ്യക്തമായി.
പിന്നീടാണ് ഗവേഷണത്തിന് തീരുമാനിച്ചത്. കൈയെഴുത്ത് പ്രതിയിലെ വാക്കുകൾ ബൈബിളിൽ നിന്നുള്ളതല്ലെങ്കിലും, തോമസിൻ്റെ സുവിശേഷമനുസരിച്ച്, 5 വയസ്സുള്ള യേശു നദിയിൽ നിന്ന് മൃദുവായ കളിമണ്ണിൽ കുരുവികളെ ഉണ്ടാക്കുകയും പിന്നീട് അവക്ക് ജീവൻ നൽകിയകുമായ അത്ഭുതം വിവരിക്കുന്നതാണെന്ന് കണ്ടെത്തി.