തിരുവനന്തപുരം: മംഗലപുരത്ത് സുഹൃത്തുക്കളെ ആക്രമിക്കാന്‍ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്കിയ 15 വയസുകാരനെ റിമാന്‍ഡ് ചെയ്തു. ക്വട്ടേഷന്‍ ഏറ്റെടുത്ത് 15കാരന്റെ സുഹൃത്തുക്കളെ ആക്രമിച്ച ഷെഹിന്, അഷ്റഫ് എന്നിവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സുഹൃത്തുക്കള്‍ കളിസ്ഥലത്ത് വച്ച് കളിയാക്കിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് വിദ്യാര്‍ത്ഥി ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്. ആക്രമണങ്ങളില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് ഗുരുതരമായി കുത്തേറ്റു. മംഗലപുരം വെള്ളൂരില്‍ കഴിഞ്ഞദിവസം രാത്രി എട്ടു മണിക്കായിരുന്നു സംഭവം. വെള്ളൂര്‍ പള്ളിയില്‍ നിന്നും നോമ്പുതുറയും പ്രാര്‍ത്ഥനയും കഴിഞ്ഞു മടങ്ങുകയായിരുന്നവര്‍ക്ക് നേരെയായിരുന്നു അക്രമം. വെള്ളൂര്‍ സ്വദേശികളായ നിസാമുദ്ദീന്‍, സജിന്‍, സനീഷ്, നിഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുത്തേറ്റ നിസാമുദ്ദീന്‍ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. കളിസ്ഥലത്തുണ്ടായ തര്‍ക്കമാണ് പതിനഞ്ചുകാരന് പരിചയക്കാരായ ഗുണ്ടകള്‍ക്ക് ക്വാട്ടേഷന് കൊടുക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.