ലണ്ടന്‍: ഏഴ് നവജാത ശിശുക്കളെ കൊന്ന കേസില്‍ നഴ്സ് കുറ്റക്കാരി. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ബ്രിട്ടീഷ് നേഴ്സായ ലൂസി ലെറ്റ്ബി എന്ന 33കാരി കൊലപ്പെടുത്തിയത്.
കൂടാതെ ആറ് കുട്ടികളെ ഇവര്‍ കൊലപ്പെടുത്താനും ശ്രമം നടത്തിയതായും തെളിഞ്ഞു.
ഇംഗ്ലണ്ടിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ ചെസ്റ്ററിലാണ് സംഭവം നടന്നത്. ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നഴ്സായ ലൂസി 2015 ജൂണിനും 2016 ജൂണിനും ഇടയിലാണ് ഈ ക്രൂരകൃത്യങ്ങള്‍ നടത്തിയത്. നൈറ്റ് ഷിഫ്റ്റുള്ള സമയത്താണ് ഇവര്‍ കൊലനടത്തിയിരുന്നത്. അഞ്ച് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് നഴ്സിന്റെ ക്രൂരതയ്ക്ക് ഇരയായത്. പത്ത് മാസം നീണ്ട വിചാരണക്കൊടുവിലാണ് കോടതിയുടെ വിധി.
കുട്ടികളെ കൊലപ്പെടുത്താൻ പലരീതികളാണ് ഇവര്‍ സ്വീകരിച്ചത്. ചില കുട്ടികളെ ഇന്‍സുലിന്‍ കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. കൂടാതെ ചിലര്‍ക്ക് വായു കുത്തിവയ്ക്കുകയും മറ്റുചിലരെ നിര്‍ബന്ധിച്ച് പാല് കുടിപ്പിക്കുകയുമായിരുന്നു. കുട്ടികള്‍ മരിക്കുന്നതിന് മുന്‍പായി പലതവണ ഹൃദയാഘാതമുണ്ടായതായും കണ്ടെത്തി. കുട്ടികളെ അറിഞ്ഞുകൊണ്ടുതന്നെ കൊല്ലുകയായിരുന്നു എന്ന് വ്യക്തമാക്കുന്ന കുറിപ്പുകളും ഇവരുടെ വീട്ടില്‍ നിന്നും കണ്ടെത്തി. അവരെ നന്നായി നോക്കാന്‍ കഴിയാത്തതിനാല്‍ കൊലചെയ്യുന്നു എന്നാണ് കുറിപ്പില്‍ പറയുന്നു. താന്‍ അതിക്രൂരയാണെന്നും ഇവരുടെ കുറിപ്പിലുണ്ട്. ചികിത്സയിലിരിക്കുന്ന കുഞ്ഞുങ്ങള്‍ തുടര്‍ച്ചയായി മരിക്കുന്നതില്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതാണ് സംഭവം പുറത്തുവരാന്‍ കാരണമായത്.